Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി'യായി ആദിത്യ താക്കറെ; ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് സൂചന നല്‍കി ശിവസേന

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നെങ്കിലും താക്കറെ കുടുംബത്തില്‍ നിന്ന് ആരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടായിരുന്നില്ല

Aaditya Thackeray enter in to electoral politics:  strong warning to BJP
Author
Mumbai, First Published Sep 29, 2019, 11:02 PM IST

മുംബൈ: ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താക്കറെ കുടുംബാംഗം പ്രവേശിക്കുന്നു. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെയാണ് ഇക്കുറി ശിവസേന രംഗത്തിറക്കുന്നത്. തുറുപ്പ് ചീട്ടായ ആദിത്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് ശിവസേന വിശേഷിപ്പിക്കുന്നത്. ബിജെപിയുമായി സഖ്യത്തിലുള്ള ശിവസേന മുഖ്യമന്ത്രി പദവി വീതം വെക്കണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും ഇതുവരെ ബിജെപി വഴങ്ങിയിട്ടില്ല. ആദിത്യയെ രംഗത്തിറക്കുന്നതിലൂടെ ബിജെപിക്ക് ശക്തമായ മുന്നറിയിപ്പാണ് ശിവസേന നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ ശിവസേന മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അരയും തലയും മുറുക്കി രംഗത്തുണ്ടാകുമെന്നാണ് ആദിത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നല്‍കുന്ന മുന്നറിയിപ്പ്.  

ബിജെപി-ശിവസേന സഖ്യം സീറ്റ് ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ മകന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കാന്‍ ശിവസേന തീരുമാനിച്ചിട്ടുണ്ട്. ആദിത്യ താക്കറെയുടെ സ്ഥാര്‍ത്ഥി പ്രഖ്യാപനത്തോടെയാണ് ശിവസേനയുടെ തെരഞ്ഞെടുപ്പ് തുടക്കം. മുംബൈ വര്‍ളിയില്‍നിന്നാണ് ആദിത്യ തുടക്കമിടുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നെങ്കിലും താക്കറെ കുടുംബത്തില്‍ നിന്ന് ആരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടായിരുന്നില്ല.

സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ, മുഖ്യമന്ത്രി ഫഡ്ഡനാവിസ് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. തിങ്കളാഴ്ച സീറ്റ് വിഭജന പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സേന നേതാക്കള്‍ പ്രതികരിച്ചു. ഫഡ്‍നാവിസും ഉദ്ധവ് താക്കറെയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയായിരിക്കും അറിയിക്കുക. 

അതേസമയം കോൺഗ്രസ് 51 അംഗ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. മുൻ മുഖ്യമന്ത്രി അശോക് ചവാൻ, പിസിസി അധ്യക്ഷൻ ബാലാസാഹിബ് തൊറാട്ട് പ്രതിപക്ഷ നേതാവ്   നാംദേവ്റാവു വഡട്ടിവർ എന്നിവർ പട്ടികയിലുണ്ട്. അടുത്തമാസം 21 ന് വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ എൻസിപിയുമായി സഖ്യം ചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്.

Follow Us:
Download App:
  • android
  • ios