പഞ്ചാബിൽ ആം ആദ്മി സർക്കാർ വന്നാൽ 24 മണിക്കൂർ വൈദ്യുതി ഉറപ്പാക്കും, എല്ലാം കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം നൽകും. വൈദ്യുതി കുടിശ്ശികകൾ എഴുതി തള്ളും

ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പഞ്ചാബിൽ പ്രാരംഭപ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി. ഇന്ന് ചണ്ഡീഗഢിലെത്തിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വൻവാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ വച്ചത്.

പഞ്ചാബിൽ ആം ആദ്മി സർക്കാർ വന്നാൽ 24 മണിക്കൂർ വൈദ്യുതി ഉറപ്പാക്കും, എല്ലാം കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം നൽകും. വൈദ്യുതി കുടിശ്ശികകൾ എഴുതി തള്ളും. ദില്ലിയിൽ ഇതേ പദ്ധതികൾ ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ വച്ചിരുന്നു. അധികാരത്തിൽ വന്നപ്പോൾ അവയെല്ലാം ഞങ്ങൾ നടപ്പാക്കുകയും ചെയ്തു. ഇത് കെജ്രിവാളിൻ്റെ വാക്കാണ് ക്യാപ്റ്റൻ്റെ വാക്കല്ല. ക്യാപറ്റ്ൻ തൻ്റെ ഒരു വാഗ്ദാനവും കഴിഞ്ഞ അഞ്ച് വർഷത്തിൽ പൂർത്തിയാക്കിയിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗിനെ പരിഹസിച്ചു കൊണ്ട് കെജ്രിവാൾ പറഞ്ഞു. 

300 യൂണിറ്റ് വൈദ്യുതി സൌജന്യമായി നൽകുന്നതോടെ പഞ്ചാബിലെ 77 മുതൽ 88 ശതമാനം ജനങ്ങൾക്ക് വരെ സീറോ ബില്ലായിരിക്കും ലഭിക്കുക. ആം ആദ്മി സർക്കാർ വന്നാൽ ഏറ്റവും ഉടനെ തന്നെ ഈ വാഗ്ദാനം ഞങ്ങൾ നടപ്പാക്കും എന്നാൽ 24 മണിക്കൂറും തടസമില്ലാത്ത വൈദ്യുതിയെന്ന വാഗ്ദാനം നടപ്പാക്കാൻ ഞങ്ങൾക്ക് മൂന്ന് വർഷത്തെ സമയം നിങ്ങൾ തരണം - കെജ്രിവാൾ പറഞ്ഞു. 

ദില്ലിയിലേക്ക് നോക്കൂ. അവിടെ ഒരു യൂണിറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിക്കുന്നില്ല. എന്നാൽ രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്കുള്ള പ്രദേശം ദില്ലിയാണ്. എന്തു കൊണ്ട് ഇതൊന്നും പഞ്ചാബിൽ സാധ്യമാകുന്നില്ല. ഉയ‍ർന്ന വൈദ്യുതി നിരക്കിന് പിന്നാൽ അഴിമതിയില്ലാതെ മറ്റൊന്നുമില്ല - സ‍ർക്കാരിനെ രൂക്ഷമായി വിമ‍ർശിച്ചു കൊണ്ട് കെജ്രിവാൾ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona