ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പുരോഗമിക്കവെയാണ് ആം ആദ്മി പാര്‍ട്ടി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സ്വാതിയെ കെജ്രിവാളിന്‍റെ വസതിയിലെത്തിച്ച് തെളിവെടുപ്പും നടത്തി

ദില്ലി: അരവിന്ദ് കെജ്രിവാളിന്‍റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന എഎപി എംപി, സ്വാതി മലിവാളിന്‍റെ പരാതിക്ക് പിന്നാലെ അന്നേ ദിവസം പകര്‍ത്തിയ വീഡിയോ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടിയുടെ ഹിന്ദി വാര്‍ത്താ ചാനല്‍. വീഡിയോയില്‍ സ്വാതി മലിവാള്‍ സുരക്ഷാ ജീവനക്കാരോട് കയര്‍ക്കുന്നതാണ് കാണുന്നത്. ഇതിലൊരാളോട് പണി കളയുമെന്ന് സ്വാതി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ സ്വാതിയെ കെജ്രിവാളിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി കെജ്രിവാളിനെ കാണാൻ വസതിയിലെത്തിയപ്പോള്‍ അതിക്രൂരമായി കെജ്രിവാളിന്‍റെ പിഎ ബിഭവ് കുമാര്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് സ്വാതിയുടെ മൊഴി. ഏഴ് തവണ കരണത്തടിച്ചു, മുടി ചുറ്റിപ്പിടിച്ച് ഇടിച്ചു, നെഞ്ചിലും, ഇടുപ്പിലും, വയറ്റിലും ചവിട്ടി, കെജ്രിവാളിന്‍റെ വീട്ടിലെ മുറിക്കുള്ളില്‍ വലിച്ചിഴച്ചു എന്നെല്ലാമാണ് മൊഴി. മറ്റ് ജീവനക്കാരെത്തിയാണ് തന്നെ രക്ഷിച്ചത്, അടുത്ത മുറിയിലുണ്ടായിരുന്ന കെജ്രിവാളും ഇതെല്ലാം അറിഞ്ഞിരിക്കാം, താൻ അവിടെ ഏറെ നേരം ഇരുന്ന് കരഞ്ഞുവെന്നും സ്വാതിയുടെ മൊഴിയിലുണ്ട്.

എഫ്ഐആറും ഇക്കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. ഇതനുസരിച്ച് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പുരോഗമിക്കവെയാണ് ആം ആദ്മി പാര്‍ട്ടി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിഷയത്തില്‍ ബിജെപി ആക്ഷേപം കടുപ്പിക്കുന്നതിനിടെയാണ് എഎപി പ്രതിരോധം വന്നിരിക്കുന്നത്. സ്വാതിയുടെ രാജ്യസഭ എംപി സ്ഥാനം തിരിച്ചെടുത്ത് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ് വിക്ക് നല്‍കാനുള്ള നീക്കമാണ് തര്‍ക്കത്തിന് പിന്നിലെന്ന് സൂചനയുണ്ട്. 

വാര്‍ത്തയുടെ വീഡിയോ:-

കെജ്‌രിവാളിന്റെ പിഎയെ കസ്റ്റഡിയിൽ എടുക്കാൻ നീക്കം

Also Read:- ദില്ലി മദ്യനയക്കേസ്: ആം ആദ്മി പാർട്ടിയെ പ്രതി ചേർത്തതായി ഇഡി സുപ്രീം കോടതിയിൽ