Asianet News MalayalamAsianet News Malayalam

'ആരോഗ്യസേതു സുരക്ഷിതം, മികച്ച കൊവിഡ് പ്രതിരോധ ആപ്പ്', ഹൈക്കോടതിയിൽ കേന്ദ്രം

ആപ്പ് വഴി ലഭിക്കുന്ന ഡാറ്റാ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലന്നും രഹസ്യാത്മകത ഉറപ്പ് വരുത്തുന്നുണ്ടന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ആരോഗ്യ സേതു ആപ്പിലെ ഡേറ്റയുടെ സുരക്ഷിതത്വം വ്യക്‌തമാക്കി വിശദീകരണം നൽകാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

aarogya setu is secure central government repeats stand in high court
Author
Kochi, First Published May 12, 2020, 2:09 PM IST

കൊച്ചി/ദില്ലി: ആരോഗ്യ സേതു ലോകത്തെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ ആപ്പ് ആണെന്ന അവകാശവാദം ആവർത്തിച്ച് കേന്ദ്രം. കേരള ഹൈക്കോടതിയിൽ കേന്ദ്രം വീണ്ടും നിലപാട് ആവർത്തിച്ചത്. ആപ്പ് വഴി ലഭിക്കുന്ന ഡാറ്റാ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലന്നും രഹസ്യാത്മകത ഉറപ്പ് വരുത്തുന്നുണ്ടന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ആരോഗ്യ സേതു ആപ്പിലെ ഡേറ്റയുടെ സുരക്ഷിതത്വം വ്യക്‌തമാക്കി വിശദീകരണം നൽകാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ഹർജി വെള്ളിയാഴ്ച പരിഗണിക്കും

ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയേൽ നൽകിയ റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആരോ​ഗ്യസേതു നിർബന്ധമാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ആരോ​ഗ്യസേതു ആപ്പ് എല്ലാവരും ഉപയോ​ഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആവശ്യപ്പെടുന്നതും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. സ്പ്രിം​ഗ്ളർ കേസിലെ കേരള ഹൈക്കോടതി ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹർജി. 

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസർക്കാർ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. നൂറ് ശതമാനം ജീവനക്കാരും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നത് കമ്പനികള്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നത്. ഹോട്ട്സ്‍പോട്ടിലെ കണ്ടൈന്‍മെന്‍റ് മേഖലകളിലുള്ളവര്‍ക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് പ്രാദേശിക ഭരണകുടം ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.

ഇതിനിടെ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുന്നതിനെതിരെ മുൻ സുപ്രീംകോടതി ജഡ്ജി ബി എൻ ശ്രീകൃഷ്ണ രംഗത്തെത്തി. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുന്നത് നിയമവിരുദ്ധമാണെന്നും. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇത് നടപ്പാക്കാനാകില്ലെന്നും മുൻ സുപ്രീം കോടതി ജ‍ഡ്ജി പറഞ്ഞു. നിയമം പാസാക്കേണ്ട പാര്‍ലമെന്‍റിനെ മറികടന്നാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും ഡാറ്റ ചോര്‍ച്ചയുണ്ടായാൽ ആര് മറുപടി പറയുമെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ ചോദിച്ചു. 

ഇത് ജനാധിപത്യരാജ്യമാണെന്നും ആരോഗ്യസേതു ഇല്ലാവര്‍ക്ക് പിഴയും തടവും ഏര്‍പ്പെടുത്തിയത് കോടതികളിൽ ചോദ്യം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിവിവര സംരക്ഷണ ബില്ലിന്‍റെ കരട് തയ്യാറാക്കിയത് ജസ്റ്റിസ് ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള സമിതിയാണ്. 

Follow Us:
Download App:
  • android
  • ios