Asianet News MalayalamAsianet News Malayalam

2 മാസത്തിന് ശേഷം പാർട്ടി നേതാക്കളെ കണ്ട് ഒമർ അബ്ദുള്ള; കശ്മീരി നേതാക്കളുടെ മോചനം ഇനിയും അകലെ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ തലേന്നാണ് മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള തുടങ്ങിയ നേതാക്കൾ കസ്റ്റഡിയിലായത്. അർധരാത്രിയിലാണ് കശ്മീർ താഴ്‍വരയിൽ പരിഭ്രാന്തിയും ആശങ്കയും പടർത്തി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കിയത്.ഇതിന് ശേഷം ആദ്യമായാണ് മുതിർന്ന നേതാക്കൾ പാർട്ടി അംഗങ്ങളെ കാണുന്നത്.

abdullahs meets party leaders in srinagar
Author
Srinagar, First Published Oct 6, 2019, 5:09 PM IST

ശ്രീനഗർ :വീട്ടുതടങ്കലിൽ കഴിയുന്ന നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഒമ‍ർ അബ്ദുള്ള , അച്ഛൻ ഫറൂഖ് അബ്ദുള്ള എന്നിവരെ പാർട്ടി നേതാക്കൾ കണ്ടു. രണ്ട് മാസത്തെ തടവ് ജീവിതത്തിനിടെ ഇതാദ്യമായാണ് നേതാക്കളെ കാണാൻ ഇരുവർക്കും അനുമതി ലഭിച്ചത്. ഇരുവരുടെയും ആരോഗ്യകാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചതെന്നും രാഷ്ട്രീയം ച‍ർച്ച ആയില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം നാഷണൽ കോൺഫറൻസ് നേതാക്കളായ അക്ബർ ലോൺ, ഹസ്നൈൻ മസൂദി എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നേതാക്കളെല്ലാം തടവിലായതിനാൽ വരാനിരിക്കുന്ന ബ്ലോക് വികസന കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്ന് അക്ബർ ലോണും ഹസ്നൈൻ മസൂദിയും വ്യക്തമാക്കി. ജമ്മു കശ്മീരിൽ പഞ്ചായത്തീ രാജ് നടപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ബ്ലോക്ക് വികസന കൗൺസിലുകൾ. 

പ്രദേശിക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ജമ്മു കശ്മീരിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയത്. രാഷ്ട്രീയ നേതാക്കൾ ഇതിനോടകം തന്നെ ജയിൽമോചിതരായി കഴിഞ്ഞു. കശ്മീരി നേതാക്കളെയും ഘട്ടംഘട്ടമായി വിട്ടയക്കുമെന്ന് ഗവർണർ സത്യപാൽ മാലികിന്റെ ഉപദേശകൻ ഫറൂഖ് ഖാൻ അറിയിച്ചിട്ടുണ്ട്.ബിജെപി നേതാവ് രാം മാധവും കശ്മീരി നേതാക്കളുടെ മോചനം സംബന്ധിച്ച് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. "താമസിയാതെ അവർക്ക് സ്വാതന്ത്ര്യം ലഭിക്കും. സംസ്ഥാനത്ത് സാധാരണ രാഷ്ട്രീയ പ്രവർത്തനങ്ങൾ പുനസ്ഥാപിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ അത് സാധാരണ രാഷ്ട്രീയ പ്രവർത്തനമായിരിക്കണം" എന്നായിരുന്നു രാം മാധവിന്റെ വാക്കുകൾ.

അനുച്ഛേദം 370 പ്രകാരം കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിന് പിന്നാലെ 400 ഓളം രാഷ്ട്രീയ നേതാക്കളാണ് വീടുകളിലും ജയിലുകളിലും ആയി കശ്മീരിൽ തടവിലായത്. വിഭജനത്തിനെതിരായ നീക്കം ചെറുക്കാനായിരുന്നു നടപടി. സർക്കാർ പ്രഖ്യാപനം നടന്ന ആഗസ്റ്റ് നാലിന് വൈകുന്നേരമാണ് 81 കാരനായ ഫാറൂഖ് അബ്ദുള്ളയെ ശ്രീനഗറിലെ വസതിയിൽ വീട്ടുതടങ്കലിലാക്കിയത്. ഒമർ അബ്ദുള്ളയെ സമീപത്തെ സർക്കാർ അതിഥി മന്ദിരമായ ഹരി നിവാസിലും തടങ്കലിലാക്കി. പിഡിപി അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി , ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജാദ് ലോൺ എന്നിവരും കസ്റ്റഡിയിലായി.

ഇന്ന്, പ്രവിശ്യാ പ്രസിഡന്റ് ദേവേന്ദർ സിംഗ് റാണയുടെ നേതൃത്വത്തിൽ 15 അംഗ സംഘത്തെയും ഒമ‍ർ അബ്ദുല്ല കണ്ടു. രണ്ട് നേതാക്കളെയും സന്ദർശിച്ചതിന് ശേഷം രാഷ്ട്രീയ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പാർട്ടി നേതാക്കളെ വിട്ടയക്കണമെന്ന് രാണ പറഞ്ഞു. നേതാക്കളുടെ തടവിനെ തുടർന്ന് താഴ്വര കടുത്ത വേദനയിലാണെന്നും റാണ വ്യക്തമാക്കി. പ്രാദേശികരാഷ്ട്രീയ പാർട്ടികളുടെയോ മുഖ്യധാരാ പാർട്ടികളുടെയോ ആകട്ടെ, രാഷ്ട്രീയ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും ജമ്മു കശ്മീരിന്റെ നവീകരണപ്രവർത്തനങ്ങൾ തുടങ്ങാനും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത എല്ലാ രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ തലേന്നാണ് മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്തത്. അർധരാത്രിയിലാണ് കശ്മീർ താഴ്‍വരയിൽ പരിഭ്രാന്തിയും ആശങ്കയും പടർത്തി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കിയത്.
 

Follow Us:
Download App:
  • android
  • ios