ഹൈദരാബാദ് കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഏഴ് വർഷത്തിന് ശേഷം എബിവിപി മിന്നും വിജയം നേടി. ഇടത് വിദ്യാർത്ഥി സംഘടനകളുടെ സഖ്യത്തെ പരാജയപ്പെടുത്തി ആറ് സീറ്റുകളും പിടിച്ചെടുത്തു

രോഹിത് വെമുലയുടെ ക്യാംപസും കൈവിട്ടു, ഇടത് വിദ്യാർഥി സംഘടനകൾക്ക് കനത്ത തിരിച്ചടി; ഏഴ് വർഷത്തിന് ശേഷം എബിവിപിക്ക് മിന്നും വിജയം

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് വിദ്യാർത്ഥി സംഘടനകൾക്ക് കനത്ത തിരിച്ചടി. എ ബി വി പി (അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്) ഏഴ് വർഷത്തിന് ശേഷം മിന്നും വിജയം നേടി. ആറ് സീറ്റുകളും പിടിച്ചെടുത്താണ് എ ബി വി പി 7 വർഷങ്ങൾക്ക് ശേഷം യൂണിയൻ ഭരണം സ്വന്തമാക്കിയത്. ശിവ പലേപു പ്രസിഡന്റായും ശ്രുതി പ്രിയ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ദളിത് വിദ്യാ‍ർഥി രോഹിത് വെമുലയുടെ ആത്മഹത്യ മുതൽ ദേശീയ തലത്തിൽ വലിയ ചർച്ചയായ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ എ ബി വി പി വിജയം ബി ജെ പിക്കും വലിയ നേട്ടമാണ്.

തെരഞ്ഞെടുപ്പിൽ സംഭവിച്ചത്

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എ ബി വി പി പാനലിന് വൻ വിജയമാണ് സ്വന്തമാക്കിയത്. ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ സഖ്യത്തെ പരാജയപ്പെടുത്തി എ ബി വി പി പാനൽ 6 സീറ്റുകളും പിടിച്ചെടുത്തു. എ ബി വി പി പാനലിൽ നിന്ന് ശിവ പലേപു പ്രസിഡന്റായും, ദേവേന്ദ്ര വൈസ് പ്രസിഡന്റായും, ശ്രുതി ജനറൽ സെക്രട്ടറിയായും, സൗരഭ് ശുക്ല ജോയിന്റ് സെക്രട്ടറിയായും, ജ്വാലാ പ്രസാദ് സ്‌പോർട്‌സ് സെക്രട്ടറിയായും, വീനസ് കൾച്ചറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ആറ് വർഷമായി എസ് എഫ് ഐ, ദളിത്, എൻ എസ്‌ യു ഐ യൂണിയനുകളായിരുന്നു വിദ്യാ‍ർഥി യൂണിയൻ ഭരണം സ്വന്തമാക്കിയിരുന്നത്.

ദില്ലി യൂണിയൻ തെരഞ്ഞെടുപ്പിലും എ ബി വി പിക്ക് വിജയം

കഴിഞ്ഞ ദിവസം നടന്ന ദില്ലി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലും എ ബി വി പി വിജയം സ്വന്തമാക്കിയിരുന്നു. കോൺഗ്രസിന്‍റെ വിദ്യാർത്ഥി സംഘടനയായ എൻ എസ്‌ യു ഐയെ പരാജയപ്പെടുത്തിയാണ് ആർ എസ് എസ് - ബി ജെ പി അനുകൂല വിദ്യാർഥി സംഘടനയായ എ ബി വി പി നേട്ടം കൊയ്‌തത്. നാലിൽ മൂന്ന് സീറ്റും നേടിയാണ് എ ബി വി പി തിളക്കമാർന്ന വിജയം കുറിച്ചത്. വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി പദവികളിലേക്കാണ് എ ബി വി പി സ്ഥാനാർത്ഥികൾ വിജയിച്ചത്. എ ബി വി പിയുടെ ആര്യൻ മനാണ് വിദ്യാർഥി യൂണിയൻ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 16000 വോട്ട് ഭൂരിപക്ഷത്തിനാണ് ആര്യൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് എ ബി വി പിയുടെ ആര്യൻ മൻ 28841 വോട്ട് നേടി. എൻ എസ്‌ യു ഐ സ്ഥാനാർത്ഥി ജോസ്‌ലിന് 12645 വോട്ട് മാത്രമാണ് നേടാനായത്. എൻ എസ്‌ യു വിൻ്റെ റോണാക് ഖത്രിയായിരുന്നു കഴിഞ്ഞ തവണ പ്രസിഡന്‍റ്. സെക്രട്ടറി സ്ഥാനത്തേക്ക് എ ബി വി പിയുടെ കുനാൽ ചൗധരിയും ജോയിൻ്റ് സെക്രട്ടറിയായി എ ബി വി പിയുടെ ദീപിക ഝായും വിജയിച്ചു. അതേസമയം എൻ എസ്‌ യു ഐ സ്ഥാനാർത്ഥി രാഹുൽ ജൻസ്‌ലയാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിച്ചത്. ആകെ നാല് സീറ്റിൽ നടന്ന മത്സരത്തിൽ മൂന്നിലും ജയിച്ച എ ബി വി പിക്കാണ് യൂണിയൻ ഭരണം.