ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സീറ്റിലും എബിവിപിക്ക് ജയം. എൻഎസ്‌യുഐയെ തോൽപ്പിച്ചാണ് മുന്നേറ്റം. വൈസ് പ്രസിഡൻ്റ് സ്ഥാനം ഒഴികെ മൂന്ന് സീറ്റുകളും എബിവിപി ജയിച്ചു. ആര്യൻ മൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു

ദില്ലി: ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്‌യുഐയെ പരാജയപ്പെടുത്തിയാണ് ആർഎസ്എസ് അനുകൂല വിദ്യാർത്ഥി സംഘടനയായ എബിവിപി നേട്ടം കൊയ്‌തത്. എബിവിപിയുടെ ആര്യൻ മൻ 16000 വോട്ട് ഭൂരിപക്ഷത്തിനാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചത്.

പ്രസിഡൻ്റ് സ്ഥാനം തിരിച്ചുപിടിച്ചു

വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി പദവികളിലേക്കാണ് എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് എബിവിപിയുടെ ആര്യൻ മൻ 28841 വോട്ട് നേടി. എൻഎസ്‌യുഐ സ്ഥാനാർത്ഥി ജോസ്‌ലിന് 12645 വോട്ട് മാത്രമാണ് നേടാനായത്. എൻഎസ്‌യുവിൻ്റെ റോണാക് ഖത്രിയായിരുന്നു കഴിഞ്ഞ തവണ പ്രസിഡൻ്റ്.

സെക്രട്ടറി സ്ഥാനാത്തേക്ക് എവിബിപിയുടെ കുനാൽ ചൗധരിയും ജോയിൻ്റ് സെക്രട്ടറിയായി എബിവിപിയുടെ ദീപിക ഝായും വിജയിച്ചു. അതേസമയം എൻഎസ്‌യുഐ സ്ഥാനാർത്ഥി രാഹുൽ ജൻസ്‌ലയാണ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചത്. ആകെ നാല് സീറ്റിൽ നടന്ന മത്സരത്തിൽ മൂന്നിലും ജയിച്ച എബിവിപിക്കാണ് യൂണിയൻ ഭരണം.

YouTube video player