സർക്കാർ അംഗീകൃത നിർമാണ ലൈസൻസുണ്ടായിട്ടും ഒരു കരാറുകാരന്റെ കൈയ്യിൽ നിന്ന് 84,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങിയതിനാണ് പിടിയിലായത്

ഹൈദരാബാദ്: തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വനിതാ എഞ്ചിനീയറുടെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും നാല് കിലോ സ്വര്‍ണവും കണ്ടെടുത്തതായി വിവരം. ഹൈദരാബാദ് ഗോത്ര ക്ഷേമ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ജഗജ്യോതിയാണ് അറസ്റ്റിലായത്. കൈക്കൂലി വാങ്ങിയതിന് കൈയ്യോടെ പിടിയിലായതിന് പിന്നാലെയാണ് തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോ (എ.സി.ബി) ഉദ്യോഗസ്ഥര്‍ ജഗജ്യോതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇതിലാണ് നാല് കിലോ സ്വര്‍ണവും 65 ലക്ഷം രൂപയും കണ്ടെത്തിയത്. സ്വര്‍ണത്തിന് മാത്രം 2 കോടി രൂപയിലേറെ വില വരും. 

സർക്കാർ അംഗീകൃത നിർമാണ ലൈസൻസുണ്ടായിട്ടും ഒരു കരാറുകാരന്റെ കൈയ്യിൽ നിന്ന് 84,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥ പിടിയിലായത്. ജഗജ്യോതിക്കെതിരെ കൂടുതൽ പരിശോധനകൾ തുടരുകയാണെന്ന് എ.സി.ബി അറിയിച്ചു. ജഗജ്യോതി കൈക്കൂലി ആവശ്യപ്പെട്ടതായി കരാറുകാരൻ എസിബിയോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് പരിശോധനകളുടെ തുടക്കം. 

എസിബി ഉദ്യോഗസ്ഥര്‍ രേഖാമൂലം പരാതി ലഭിച്ചതിന് പിന്നാലെ ഫിനോൽഫ്തലിൻ പുരട്ടിയ നോട്ടുകൾ ജ്യോതിക്ക് കൈമാറുകയായിരുന്നു. ഇദ്ദേഹം ഇന്ന് രാവിലെ ജഗജ്യോതിയുടെ ഓഫീസിലെത്തി പണം കൈമാറി. ഈ സമയത്ത് എസിബി വിഭാഗം ഉദ്യോഗസ്ഥര്‍ മഫ്തിയിൽ ഇവിടെ ഉണ്ടായിരുന്നു. ഇത് തിരിച്ചറിയാതെയാണ് ജഗജ്യോതി പണം കൈപ്പറ്റിയത്. ഇവരുടെ കൈവിരലുകൾ പരിശോധനയിൽ പിങ്ക് നിറത്തിലായതോടെ ഫിനോഫ്‌തലിൻ പുരട്ടിയ നോട്ടുകൾ കൈപ്പറ്റിയത് കൊണ്ടാണെന്ന് തെളിഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജഗജ്യോതിയെ കോടതിയിൽ ഹാജരാക്കുമെന്ന് എസിബി വിഭാഗം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്