ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഹരിയാന സ്വദേശി ആദിത്യ അഗർവാൾ അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് പാർട്ടി സംഘാടകൻ വിരേൻ ഖന്നയുടെ കൂട്ടാളിയാണ് ഇയാൾ. ഇയാളുടെ വീട്ടിലും റെയ്ഡ് നടത്തി. എന്നാൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 

മയക്കുമരുന്ന് കേസിൽ നിലവിൽ രണ്ട് നടികളടക്കം അറസ്റ്റിലാണ്. അതിനിടെ ലഹരികടത്തുസംഘത്തെ കണ്ടെത്താന്‍ പൊലീസ് നടത്തിയ റെയ്ഡിന്‍റെ വിവരങ്ങൾ ഉദ്യോഗസ്ഥർക്കിടയില്‍നിന്നുതന്നെ ചോർന്നതായി കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ട് പ്രമുഖ നടിമാരെയും, വിതരണം ചെയ്തതിന് വ്യവസായികളെയും പിടികൂടിയ സെന്‍ട്രല്‍ ക്രൈംബ്രാ‌ഞ്ചിന് പക്ഷേ ഒരിടത്തുനിന്നും മയക്കുമരുന്നുകളൊന്നും കണ്ടെത്താനായിരുന്നില്ല. 

വിദേശത്തുനിന്നും വലിയ അളവില്‍ മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്ത ആഫ്രിക്കന്‍ സ്വദേശിയുടെയും, വലിയ ഡ്രഗ് പാർട്ടികൾ സംഘടിപ്പിച്ച വിരേന്‍ ഖന്നയുടെയും വീടുകളിലും റെയ്ഡ് നടത്തിയിട്ടും ഒന്നും ലഭിച്ചിരുന്നില്ല. ഇവരുടെ പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ മെസേജുകളിൽ നിന്നും റെയ്ഡിനെക്കുറിച്ച് സൂചനയുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. 

അതേ സമയം ബെംഗളൂരു മയക്കുമരുന്ന് കേസിലെ ഹവാവ ഇടപാട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കാനും തീരുമാനമായി. വിദേശ രാജ്യങ്ങളില്‍നിന്നടക്കം മയക്കുമരുന്നെത്തിച്ചത് ഹവാല പണമുപയോഗിച്ചാണോയെന്നാണ് ബെംഗളൂരു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ നടത്തിയവർക്കെതിരെ ഇഡി കേസെടുത്താല്‍ അവരെ ലഹരി കടത്തു കേസിലും എന്‍സിബി പ്രതിചേർക്കും.

കേസില്‍ ഒന്നാം പ്രതിയായ അനിഖയുടെ നേതൃത്വത്തില്‍ പ്രതികൾ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ലഹരിവസ്തുക്കളെത്തിച്ച് ബെംഗളൂരുവില്‍ വില്‍പന നടത്തിയെന്നാണ് കണ്ടെത്തല്‍. കേസിലെ രണ്ടാം പ്രതിയായിട്ടുള്ള അനൂപ് മുഹമ്മദ് 2103 മുതല്‍ മയക്കുമരുന്നിടപാടിലൂടെ നേടിയ ലഭമുപയോഗിച്ച് കർണാടകത്തില്‍ ഹോട്ടല് ബിസിനസ് തുടങ്ങിയെന്നും എന്‍സിബിക്ക് മൊഴി നല്‍കിയിട്ടുണ്ട്.