തെളിവെടുപ്പിനിടെ പ്രതി പൊലീസിന്റെ കൈവശം ഉണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് അന്വേഷണ സംഘത്തിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രതി ആയുധം തട്ടിയെടുക്കാൻ ശ്രമിച്ചതോടെ സ്വയംരക്ഷാർത്ഥം വെടിയുതിർക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരുയിപൂരിൽ പന്ത്രണ്ടുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി കുറ്റകൃത്യം നടന്ന സ്ഥലം പുനരാവിഷ്കരിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്ന് ബാരുയിപൂർ എസ്.പി അറിയിച്ചു. ബുധനാഴ്ച പുലർച്ചെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് സംഭവം നടന്നത്. തെളിവെടുപ്പിനിടെ പ്രതി പൊലീസിന്റെ കൈവശം ഉണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് അന്വേഷണ സംഘത്തിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രതി ആയുധം തട്ടിയെടുക്കാൻ ശ്രമിച്ചതോടെ സ്വയംരക്ഷാർത്ഥം വെടിയുതിർക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെടിയേറ്റ പ്രഭാഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് 12 വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം ഒരു കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പെൺകുട്ടി ജീവനോടെയിരിക്കുമ്പോൾ തന്നെയാണ് കുളത്തിലേക്ക് എറിഞ്ഞതെന്ന് ശ്വാസകോശത്തിൽ ചെളിമണ്ണടങ്ങിയ വെള്ളം കണ്ടെത്തിയതിലൂടെ വ്യക്തമായിരുന്നു. കടുത്ത രക്തസ്രാവവും മുങ്ങിമരണവുമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും പൊള്ളലേറ്റ അടയാളങ്ങളും ഉണ്ടായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പൊള്ളലേറ്റ അടയാളങ്ങളും തലയുടെ പിൻഭാഗത്ത് ശക്തമായ ആഘാതമേറ്റ പരിക്കുമുണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രഭാസ് മണ്ഡലിനെക്കൂടാതെ മറ്റ് രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രതിയെ കഴിഞ്ഞ ഞായറാഴ്ച ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം, പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കൊല്ലപ്പെട്ട പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റെടുക്കാൻ അമ്മ സന്ധ്യ മണ്ഡൽ വിസമ്മതിച്ചു. അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് അവന് ലഭിച്ചതെന്നും അവന്റെ മുഖം കാണാൻ തനിക്ക് ആഗ്രഹമില്ലെന്നുമാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സംഭവത്തിന് പിന്നാലെ പോലീസിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തി. ബാരുയിപൂർ ബലാത്സംഗ-കൊലപാതകക്കേസ് പ്രതി പ്രഭാഷ് മണ്ഡൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വാർത്ത പങ്കുവെച്ചുകൊണ്ട് പശ്ചിമ ബംഗാൾ പൊലീസ് യുപി മോഡൽ കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ബംഗാളികളെ പുതിയ ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും, ഉത്തർപ്രദേശ് 2.0 ആണിത് എന്നും പറഞ്ഞ അവർ, ഇവിടെയുള്ളത് ബിജെപി സർക്കാരല്ലെന്നും ഇതൊരു കാട്ടുനീതിയാണെന്നും എക്സിൽ കുറിച്ചു.