റാലിയില്‍ മുന്‍ നിരയിലിരുന്ന വിഷാല്‍ സിങ് 'യോഗി യോഗി'എന്നാര്‍ത്തുവിളിച്ച് കൊണ്ടാണ് പരിപാടിയിലുടനീളം പങ്കെടുത്തത്. 

ഉത്തര്‍പ്രദേശ്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ബിജെപി റാലിയില്‍ ദാദ്രി കൊലപാതക കേസിലെ പ്രതിയും. ഗ്രേറ്റര്‍ നോയിഡയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ദാദ്രി കൊലപാതക കേസിലെ പ്രതികളിലൊരാളായ വിശാല്‍ സിങ് പങ്കെടുത്തത്. യോഗി ആദിത്യനാഥായിരുന്നു റാലിയില്‍ മുഖ്യാതിഥി. റാലിയില്‍ മുന്‍ നിരയിലിരുന്ന വിഷാല്‍ സിങ് 'യോഗി യോഗി'എന്നാര്‍ത്തുവിളിച്ച് കൊണ്ടാണ് പരിപാടിയിലുടനീളം പങ്കെടുത്തത്. 

2015 സപ്തംബർ 28 നാണ് ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ ജില്ലയിലെ ദാദ്രിയിൽ പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് മദ്ധ്യവയസ്കനായ മുഹമ്മദ് അഖ്‍ലക്കിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ബിസാര ഗ്രാമത്തിൽ നിന്ന് പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ക്രൂരമായ മർദ്ദനത്തിൽ മുഹമ്മദ് അഖ്‍ലക്കിന്റെ മകനും ഗുരുതരമായി പരിക്കേറ്റിരുന്നു. അഖ്‍ലക്കിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് പിന്നീട് ഫോറൻസിക് റിപ്പോർട്ടില്‍ തെളിഞ്ഞിരുന്നു.