ഹാഥ്റാസ് : ഉത്തര്‍പ്രദേശിലെ ഹാഥ്റാസിലെ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇതിന് മുന്‍പും പ്രതികള്‍ ശല്യപ്പെടുത്തിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം. നാല് മാസങ്ങള്‍ക്ക് മുന്‍പ് കേസിലെ പ്രതികള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും വരുന്ന വഴിയില്‍ തടയുകയും ചെയ്തിരുന്നതായാണ് ദളിത് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. 

മകള്‍ വീടിന് പുറത്ത് ആവശ്യങ്ങള്‍ക്ക് പോവുമ്പോള്‍  കാലുകള്‍ കൊണ്ട് അവര്‍ വഴി തടയുമായിരുന്നു. താക്കൂര്‍മാരായ സന്ദീപ്, ലവ്കുശ് എന്നിവര്‍ പെണ്‍കുട്ടിയെ പിന്തുടരുമായിരുന്നുമെന്നും ദളിത് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഭയന്നുപോയ പെണ്‍കുട്ടി തനിയെ പുറത്ത് പോകാന്‍ സമ്മതിച്ചിരുന്നില്ല. തന്‍റെ ഒപ്പം ആരെങ്കിലും വന്നാലല്ലാതെ സാധനങ്ങള്‍ വാങ്ങാന്‍ പോകില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായാണ് അമ്മ പറയുന്നത്. 

ഒരു തവണ പെണ്‍കുട്ടിയുടെ ബന്ധു പ്രതികളെ ശാസിച്ചിരുന്നുവെന്നും അമ്മ പറയുന്നു. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതായാണ് ദളിത് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിക്കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ അവര്‍ പ്രതിഷേധിച്ചിരുന്നില്ലെന്നാണ് സന്ദീപിന്‍റെ മുത്തച്ഛനും ലവ്കുശിന്‍റെ ബന്ധുവുമായ രാകേഷ് സിംഗ് പറയുന്നത്. അവര്‍ ഇത്തരം പരാതികള്‍ ഉന്നയിച്ചിരുന്നില്ല. എല്ലാം കള്ളമാണ് എന്നാണ് രാകേഷ് സിംഗ് പറയുന്നത്.