തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28നകം ഇന്ത്യ വിടാൻ മുംബൈ പൊലീസ് നോട്ടീസ് നൽകി.

മുംബൈ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ബോളിവുഡ് താരം ഇമ്രാൻ ഖാന് ഇന്ത്യ വിടാൻ നോട്ടീസ്. ഒക്ടോബർ 28നകം രാജ്യം വിടാൻ മുംബൈ പൊലീസാണ് നോട്ടീസ് നൽകിയത്. അമേരിക്കൻ പൗരത്വമാണ് അദ്ദേഹത്തിനുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒക്ടോബർ 10-ന് ആഗസ്റ്റ് ക്രാന്തി മൈതാനത്തെ പ്രതിഷേധത്തിൽ പങ്കെടുത്ത ഇമ്രാൻ ഖാനെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ബോളിവുഡ് താരം ആമിർ ഖാന്‍റെ ബന്ധുവാണ് ഇമ്രാൻ ഖാൻ. എസ്ഐആർ റദ്ദാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. ഇമ്രാനൊപ്പം അദ്ദേഹത്തിന്റെ പങ്കാളിയും നടിയുമായ ലേഖ വാഷിംഗ്ടൺ, കസിൻ സെയ്ൻ മേരി ഖാൻ എന്നിവരുമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ മൂവരെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇമിഗ്രേഷൻ ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് ഇമ്രാൻ ഖാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു. അദ്ദേഹം അമേരിക്കൻ പൗരത്വമുള്ളയാളാണെന്നും നാട് കടത്തണമെന്നും നേരത്തെ ബിജെപി നേതാക്കൾ ആവശ്യം ഉന്നയിച്ചിരുന്നു.

മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുൻ എംപിയുമായ കിരിത് സോമൈയയാണ് ഇമ്രാനെതിരെ രം​ഗത്തെത്തിയത്. ഇമ്രാൻ ഖാൻ യുഎസ് പൗരനാണെന്നും മുംബൈ പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. ഒരു വിദേശ പൗരൻ രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാമോ എന്നും ബിജെപി നേതാവ് ചോദിച്ചു. മുംബൈ നിവാസി എന്ന നിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും താൻ ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ പ്രതിനിധി അല്ലെന്നുമായിരുന്നു ഇമ്രാൻ ഖാന്‍റെ മറുപടി.

YouTube video player