നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കരൂർ റാലി ദുരന്തവുമായി ബന്ധപ്പെട്ട് ഹർജി പരിഗണിക്കവെയാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ). മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പറഞ്ഞത്. അംഗീകൃത സംസ്ഥാന പാർട്ടിയായി യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങൾ ടിവികെ പാലിച്ചിട്ടില്ലെന്ന് കമ്മീഷന് വേണ്ടി ഇന്ന് കോടതിയിൽ ഹാജരായ അഭിഭാഷകൻ നിരഞ്ജൻ രാജഗോപാൽ വാദിച്ചു. പോൾ ചെയ്യപ്പെട്ട ആറ് ശതമാനം വോട്ടോ, നിയമസഭയിൽ 2 സീറ്റുകളോ, ലോക്‌സഭയിൽ ഒരു സീറ്റോ നേടാനായില്ലെങ്കിൽ ടിവികെയ്ക്ക് സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കില്ല. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവരുടെ ബെഞ്ച് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

സെപ്റ്റംബർ 27 ന് 41 പേരുടെ മരണത്തിനിടയാക്കിയ ടിവികെ കരൂർ റാലി ദുരന്തവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ പാർട്ടിയുടെ പരമോന്നത നേതാവായ നടൻ വിജയ്‌യുടെ പേരുൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ടിവികെയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. കടുത്ത അശ്രദ്ധയും പൊലീസ് അനുമതി ലംഘിച്ചതുമാണ് കരൂരിൽ വൻ ദുരന്തത്തിന് ഇടയാക്കിയതെന്ന് കുറ്റപ്പെടുത്തിയിരുന്നു.

ചേതൻ ഭരത്കുമാർ ധാക്കൻ vs. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസിൽ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രായപൂർത്തിയാകാത്തവരെ ഉപയോഗിക്കുന്നത് നിരോധിച്ച ബോംബെ ഹൈക്കോടതി വിധിയടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബാലവേല നിരോധന നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയെല്ലാം അടക്കം വിവിധ വകുപ്പുകൾ പ്രകാരം വിജയ്ക്കെതിരെ കേസെടുക്കണമന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന് ടിവികെയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും, രാഷ്ട്രീയ റാലികളിൽ കുട്ടികളെ ഉപയോഗിക്കുന്നത് നിരോധിക്കാനും, ഇരകളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നടൻ വിജയ് നൽകാൻ ഉത്തരവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിജയ്‌ക്കെതിരായ എഫ്‌ഐആറിൽ മാറ്റം വരുത്തണമെന്ന അപേക്ഷ, സിബിഐ അന്വേഷണത്തിനുത്തരവിട്ട സുപ്രീം കോടതി ഉത്തരവിന്റെ പരിധിയിൽ വരുമെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, കരൂർ സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹൈക്കോടതി മുൻപാകെ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകൾക്ക് പ്രത്യേക ബെഞ്ചിനെ ചുമതലപ്പെടുത്തുന്നതും ഹൈക്കോടതിയുടെ ആലോചനയിലുണ്ട്.