Asianet News MalayalamAsianet News Malayalam

ആള്‍ക്കൂട്ടാക്രമണങ്ങള്‍ക്കെതിരെ മോദിക്ക് കത്തെഴുതിയവരെ അഭിനന്ദിച്ച് നടി സ്വര ഭാസ്കര്‍

''ആള്‍ക്കൂട്ടാക്രമണം രാജ്യത്ത് പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് നമുക്ക് മുഖം തിരിക്കാനാവില്ലെന്നാണ് ഞാന്‍ കരുതുന്നത്'' - സ്വര ഭാസ്കര്‍ പറയുന്നു

actress swara bhaskar praise persons who wrote letter to modi on mob lynching
Author
Mumbai, First Published Jul 25, 2019, 1:09 PM IST

മുംബൈ: ആള്‍ക്കൂട്ടാക്രമണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരെ അഭിനന്ദിച്ച് നടി സ്വര ഭാസ്കര്‍. 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആള്‍ക്കൂട്ടാക്രമണത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരണമെന്നാണ് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നത്. 

''ആള്‍ക്കൂട്ടാക്രമണം രാജ്യത്ത് പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് നമുക്ക് മുഖം തിരിക്കാനാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതിനെ വ്യാജമെന്ന് വാദിക്കാന്‍ ഒരുഘടകം പോലുമില്ല. '' - സ്വര ഭാസ്കര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ സമൂഹത്തില്‍ നടക്കുന്ന കാര്യത്തില്‍ നമ്മുടെ രാഷ്ട്രീയ സാമൂഹിക കാലാ സാംസ്കാരിക പ്രവര്‍ത്തകര്‍ ഇടപെടുന്നുവെന്നുള്ളത് പ്രശംസനീയമാണെന്നും നടി പറഞ്ഞു. ഇത്തരം ദാരുണ സംഭവങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ ശക്തമായ നിയമം വേണമെന്നത് കാലത്തിന്‍റെ ആവശ്യമാണ്. കഴിഞ്ഞ നാല് ‌- അഞ്ച് വര്‍ഷമായി ആള്‍ക്കൂട്ടാക്രമണത്തെ കുറിച്ച് താന്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ മെച്ചപ്പെടുകയല്ല, സംഭവം കൂടുതല്‍ കൂടുതല്‍ മോശമാവുകയാണെന്നും സ്വര പറഞ്ഞു. 

ചലച്ചിത്ര, സാമൂഹിക പ്രവര്‍ത്തകരാണ് ജയ് ശ്രീറാം വിളിയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം  വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.  

രാജ്യത്ത് മുസ്‌ലിംകള്‍ക്കും ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ചലച്ചിത്രപ്രവര്‍ത്തകരായ മണിരത്നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടക്കമുള്ളവരാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. 

2016ല്‍ മാത്രം ദലിതര്‍ക്കെതിരെ എണ്ണൂറിലധികം ആക്രമണങ്ങളുണ്ടായെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. എന്നാല്‍ ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം കുറവാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളെ വിമര്‍ശിച്ച് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തിയതുകൊണ്ടുമാത്രം മതിയാവില്ലെന്നും കത്ത് ആവശ്യപ്പെടുന്നു. 

എന്നാല്‍ കത്തിനെതിരെ രൂക്ഷമായാണ് ബിജെപി നേതാക്കള്‍ പ്രതികരിക്കുന്നത്. താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ കത്ത് ചവറ്റുകൊട്ടയില്‍ ഏറിഞ്ഞേനെയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രാജ്യാന്തര ശ്രദ്ധ നേടാനുള്ള നീക്കം മാത്രമാണ് കത്തിന് പിന്നിലുള്ളതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios