ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോൽ ധൃതരാഷ്ട്രർ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുന്നു എന്ന് ചൗധരി പറഞ്ഞതോടെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി

ദില്ലി: മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ പലവട്ടമാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ലോക്സഭയിൽ പോര് നടന്നത്. ഇക്കൂട്ടത്തിൽ ഇന്ന് ഏറ്റവും പ്രധാന പോര് നടന്നത് ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും തമ്മിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും അതിരൂക്ഷ വിമർശനങ്ങളാണ് ഇന്ന് ലോക് സഭയിൽ പ്രസംഗിച്ച അധീർ രഞ്ജൻ ചൗധരി അഴിച്ചുവിട്ടത്. രാജാവ് അന്ധനാണെന്ന് പറഞ്ഞു തുടങ്ങിയ അധിർ ര‌ഞ്ജൻ ചൗധരിയുടെ പ്രസംഗത്തിനിടെ എതിർപ്പുമായി അമിത് ഷാ രംഗത്തെത്തിയതോടെ കാര്യമായ ബഹളത്തിനും ലോക്സഭ ഇന്ന് സാക്ഷിയായി.

'ഭാരത് മാതാവ് എന്ന പേര് ഇന്ന് ഇന്ത്യയിൽ അൺപാർലമെന്‍ററി ആയിരിക്കുന്നു', സഭാ രേഖയിലെ വാക്ക് നീക്കത്തിൽ രാഹുൽ

മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പറഞ്ഞ ചൗധരി, മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അർത്ഥമില്ലെന്ന് ആദ്യം തന്നെ ഓർമ്മപ്പെടുത്തി. രാജാവ് അന്ധനാണെന്ന് പറഞ്ഞ അദ്ദേഹം, ധൃതരാഷ്ട്രർ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടതും ലോക്സഭയിൽ പരാമർശിച്ചു. ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോൽ ധൃതരാഷ്ട്രർ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുന്നു എന്ന് ചൗധരി പറഞ്ഞതോടെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. താന്‍ ആരുടെയും പേര് പറഞ്ഞില്ലെന്ന് പറഞ്ഞ് തിരിച്ചടിച്ച അധിർ ര‌ഞ്ജൻ ചൗധരി, ഹസ്തിനപുരം ആണെങ്കിലും മണിപ്പൂർ ആണെങ്കിലും ഒരു വ്യത്യാസവുമില്ലെന്ന് കൂട്ടിച്ചേർത്തു.

ഇതോടെയാണ് അമിത് ഷാ രംഗത്തെത്തിയത്. പാർലമെന്‍റിന് ഒരു കുലീനതയുണ്ട് അത് കളയരുതെന്നാണ് ചൗധരിയോട് ഷാ പറഞ്ഞത്. രാജ്യത്തെ പ്രധാനമന്തിയെ കുറിച്ച് മോശമായി പറയുന്നത് പ്രതിപക്ഷ നേതാവിന് ചേർന്നതല്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മോദിക്കില്ലാത്ത ദേഷ്യം അമിത് ഷായ്ക്ക് എന്തിനാണെന്നായിരുന്നു ചൗധരിയുടെ മറു ചോദ്യം. ശേഷം നീരവ് മോദിയെ പരാമർശിച്ചായിരുന്നു ചൗധരിയുടെ വിമർശനം. കോടികള്‍ മോഷ്ടിച്ച് നീരവ് മോദി കടന്നു കളഞ്ഞുവെന്നാണ് കരുതിയത്. എന്നാല്‍ മണിപ്പൂരിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ നീരവ് മോദി ഇന്ത്യയില്‍ ഉണ്ടെന്ന് മനസ്സിലായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നരേന്ദ്രമോദി, നീരവ് മോദിയായി മിണ്ടാതിരിക്കുന്നുവെന്ന വിമർശനമാണ് ചൗധരി മുന്നോട്ടുവച്ചത്. ഇതോടെ ഭരണ പ്രതിപക്ഷ ബഹളം ശക്തമായി. സ്വന്തം പാര്‍ട്ടി സമയം നല്‍കാത്തത് കൊണ്ടാണ് അധിർ ര‌‌ഞ്ജൻ ചൗധരിക്ക് സംസാരിക്കാൻ അമിത് ഷാ സമയം നല്‍കിയതെന്നായിരുന്നു ബി ജെ പി നേതാക്കളുടെ പരിഹാസം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം