ഇവിഎം നീക്കുന്നതിനിടയിലെ ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് എഡിഎമ്മിനെതിരെ നടപടിയെടുക്കാന്‍ കാരണം. വോട്ടെണ്ണല്‍ സ്ഥലത്തേക്ക് പോകുന്നതിനും ഇവര്‍ക്ക് വിലക്കുണ്ട് 

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി (EVM tampering charge) നടത്തിയെന്ന സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ (Akhilesh Yadav) ആരോപണത്തിന് പിന്നാലെ വാരണാസിയില്‍ എഡിഎം അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വാരണാസി എഡിഎമ്മിനെ ഇവിഎം നീക്കുന്നതിനിടയിലെ ചട്ടങ്ങള്‍ പാലിക്കാത്തതിനാണ് സസ്പെന്‍ഡ് ചെയ്തത്. വാരണാസി എഡിഎം നളിനി കാന്ത് സിംഗിനെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് നീക്കിയതായും വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൌഷല്‍ രാജ് ശര്‍മ വ്യക്തമാക്കി.

വോട്ടെണ്ണല്‍ സ്ഥലത്തേക്ക് പോകുന്നതിനും ഇവര്‍ക്ക് വിലക്കുണ്ടെന്ന് നോഡല്‍ ഓഫീസറോട് കൌഷല്‍ രാജ് ശര്‍മ കൂട്ടിച്ചേര്‍ത്തു. സോന്‍ഭദ്ര ജില്ലയിലെ റിട്ടേണിംഗ് ഓഫീസറും ബറേലി ജില്ലയിലെ അഡീഷണല്‍ തെരഞ്ഞെടുപ്പ് ഓഫീസറുമാണ് നടപടിക്ക് വിധേയരായ മറ്റ് ഓഫീസര്‍മാര്‍. ഇവരേയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ഇവര്‍ക്ക് പകരമായി രണ്ട് പേരെ നിയോഗിച്ചിട്ടുണ്ട്.

മാലിന്യ കുട്ടയില്‍ ബാലറ്റ് ബോക്സുകളും മറ്റ് തെരഞ്ഞെടുപ്പ് സാമഗ്രഹികളും കണ്ടെത്തിയതാണ് ബറേലിയിലെ ഉദ്യോഗസ്ഥനായ വി കെ സിംഗിനെതിരെ നടപടിയെടുക്കാന്‍ കാരണമായത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ വാഹനത്തില്‍ നിന്ന് ബാലറ്റ് സ്ലിപ് അടങ്ങുന്ന ബോക്സ് കണ്ടെത്തിയതാണ് സോന്‍ഭദ്രയിലെ ഉദ്യോഗസ്ഥനായ രമേഷ് കുമാറിനെതിരെ നടപടിയെടുക്കാന്‍ കാരണം. പ്രാദേശിക നേതാക്കളെ അറിയിക്കാതെ ഇവിഎമ്മുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ ചൊവ്വാഴ്ചയാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്.

അത്യാവശ്യമായി വിഷയം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഖിലേഷ് ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അഖിലേഷ് ആഹ്വാനം ചെയ്തിരുന്നു. ഇവിഎമ്മുകള്‍ നീക്കുന്ന വീഡിയോ അടക്കമായിരുന്നു അഖിലേഷിന്‍റെ ആരോപണം. എന്നാല്‍ വാരാണസിയിലെ കേന്ദ്രത്തില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തിയെന്ന അഖിലേഷിന്‍റെ ആരോപണം പരാജയം തിരിച്ചറിഞ്ഞതിലുള്ള വിഭ്രാന്തിയാണെന്നായിരുന്നു ബിജെപി പ്രതികരണം