ദില്ലി: മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ മാധ്യമപ്രവർത്തക പ്രിയ രമാനിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് തള്ളിയ കോടതി വിധിയിൽ പ്രതികരിച്ച് അഭിഭാഷക റബേക്ക ജോൺ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റബേക്കാ ജോണിന്റെ പ്രതികരണം. വിധി ചരിത്രപരമാണെന്നും സ്ത്രീകളുടെ വിജയമാണെന്നും റബേക്ക പ്രതികരിച്ചു. ഒരുപാട് കാലമായി സ്ത്രീകൾ നടത്തിവന്ന പോരാട്ടത്തിന്റെ വിജയമാണെന്നും തൊഴിലിടങ്ങളിൽ പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ വിജയമാണെന്നും റബേക്കാ ജോൺ കൂട്ടിച്ചേർത്തു. ഒപ്പം സ്‌ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന കോടതി വിധിയെന്നും റബേക ജോൺ പ്രതികരിച്ചു. 

ജോലി സ്ഥലത്തെ ശാരീരിക പീഡനത്തെ കുറിച്ച് തുറന്ന് പറയാൻ സ്ത്രീകൾക്ക് കോടതി വിധി പ്രചോദനമാകുമെന്ന് പ്രിയാ രമാനി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രണ്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രിയക്കെതിരായ കേസ് കോടതി തള്ളിയത്. വിചാരണ നേരിടാൻ താൻ തയ്യാറാണെന്ന് പ്രിയ നേരത്തേ തന്നെ കോടതിയെ അറിയിക്കുകയും താൻ നേരിട്ട ശാരീരിക പീഡനം കോടതിയിൽ തുറന്ന് പറയുകയും ചെയ്തിരുന്നു. 

പരാതി ഉന്നയിക്കാൻ വർഷങ്ങൾക്കു ശേഷവും സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ മാനനഷ്ടം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയെക്കാൾ വിലയുണ്ട്. ഇന്ത്യയിലെ സ്ത്രീകൾക്ക് ആവശ്യം തുല്യതയാണ്. ലൈംഗിക അതിക്രമം സ്ത്രീകളുടെ അന്തസ്സിനെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നതാണ്. രാമായണത്തിൽ സീതയെ രക്ഷിക്കാൻ ജഡായു എത്തിയത് ഓർക്കണം എന്നും സമൂഹത്തിൽ അതികീർത്തിയുള്ള വ്യക്തിയായിരുന്നു അക്ബർ എന്ന് കരുതുന്നില്ലെന്നുമാണ് കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞത്.  

അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്. 1990 കള്‍ മുതല്‍ മാധ്യമരംഗത്തുള്ള പ്രിയാ രമാനി 1994 ല്‍ ജോലിക്കായുള്ള ഒരു ഇന്റർവ്യൂവിന് മുംബയിലെ ഹോട്ടൽമുറിയിൽ എത്തിയ തനിക്ക് അക്ബറില്‍ നിന്ന്  മോശം അനുഭവം നേരിട്ടെന്നാണ് 2018 ല്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുപതോളം സ്ത്രീകളും എംജെ. അക്ബറിനെതിരെ ആരോപണം ഉന്നയിച്ചു. 

1990 കള്‍ മുതല്‍ മാധ്യമരംഗത്തുള്ള പ്രിയാ രമാനി 1993ല്‍ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നാണ് 2018 ൽ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലുകൾ വിവാദമായതോടെ എം ജെ അക്ബറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നാലെയാണ് പ്രിയ രമാനിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി എം ജെ അക്ബർ കോടതിയെ സമീപിച്ചത്.