Asianet News MalayalamAsianet News Malayalam

അമ്മയെ കാണാൻ 2000 കി.മി കാല്‍നടയാത്ര; വീട്ടിലെത്തിയതിന് പിന്നാലെ പാമ്പുകടിയേറ്റ് 23കാരന്‍ മരിച്ചു

ശ്രീനഗർ ബാബഗഞ്ചിലെ ഒരു സ്കൂളിൽ ഏതാനും ദിവസം സൽമാനും സംഘവും ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. പിന്നീട് മെയ് 26 ന് വൈകുന്നേരം 5 മണിയോടെയാണ് സൽമാൻ വീട്ടിൽ എത്തിയത്. 
 

after 2000km track home from bangalore migrant dies of snakebite
Author
Bengaluru, First Published Jun 2, 2020, 4:48 PM IST

ബെം​ഗളൂരൂ: പന്ത്രണ്ട് ദിവസം കൊണ്ട് 2000 കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തിയ 23കാരൻ പാമ്പുകടിയേറ്റ് മരിച്ചു. സല്‍മാന്‍ ഖാൻ എന്ന യുവാവാണ് മരിച്ചത്.  കര്‍ണാടകയില്‍ നിന്ന് കാല്‍നടയായി ഉത്തര്‍പ്രദേശില്‍ എത്തിയ സല്‍മാന്‍ ഖാന് വീട്ടില്‍ എത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പാമ്പുകടിയേറ്റത്. 

ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ മെയ് 12 നാണ് സല്‍മാൻ ഉൾപ്പടെയുള്ള പത്തുപേരടങ്ങുന്ന സംഘം ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചത്. കോണ്‍ട്രാക്ടര്‍ രണ്ടുമാസം ജോലി ചെയ്തതിന്റെ കൂലി തരാതെ വന്നതോടെയാണ് ഇവർ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

കഷ്ടപ്പാടുകൾ സഹിച്ച് മെയ് 26നാണ് സല്‍മാന്‍ വീട്ടില്‍ എത്തുന്നത്. അഞ്ചുമക്കളില്‍ ഇളയവനായ സല്‍മാനെ നാളുകള്‍ക്ക് ശേഷം കണ്ടപ്പോൾ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വാത്സല്യം കൊണ്ട് മകനെ അമ്മ വാരിപ്പുണര്‍ന്നു. പിന്നാലെ ദേഹമാസകലം പറ്റിയ ചെളിയും അഴുക്കും കഴുകി കളയാന്‍ പാടത്തേയ്ക്ക് പോയ സല്‍മാനെ പാമ്പ് കടിക്കുകയായിരുന്നു.  മകന്റെ മരണത്തിന്റെ ആഘാതത്തില്‍ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ശ്രീനഗർ ബാബഗഞ്ചിലെ ഒരു സ്കൂളിൽ ഏതാനും ദിവസം സൽമാനും സംഘവും ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. പിന്നീട് മെയ് 26 ന് വൈകുന്നേരം 5 മണിയോടെയാണ് സൽമാൻ വീട്ടിൽ എത്തിയത്. 

Follow Us:
Download App:
  • android
  • ios