ദില്ലി: ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരേന്ത്യയിൽ സവാളയുടെ വിലയിൽ മാറ്റമില്ല. മൊത്തക്കച്ചവടക്കാരിലേക്ക് സവാളയെത്തുന്നത് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. കൂടിയ വിലയ്ക്ക് സവാള വാങ്ങി കച്ചവടം ചെയ്യാനാകാത്ത സ്ഥിതിയാണ് ചെറുകിട കച്ചവടക്കാരുടേത്.

ഇരുപത് രൂപയായിരുന്നു ഒരുമാസം മുമ്പുവരെ ദില്ലിയിൽ സവാള വില. ഇപ്പോൾ 80 രൂപക്ക് മുകളിലാണ് വില. വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്സിഡി നിരക്കിൽ സവാള വിതരണ കേന്ദ്രങ്ങൾ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. സവാള വാങ്ങാൻ രാവിലെ മുതൽ വൈകീട്ടുവരെ വലിയ തിരക്കാണ്.

ദില്ലിയിലെ മൊത്തക്കചവട മാർക്കറ്റായ കോട്ലയിൽ ഒരു ദിവസം ഇരുപത് ലോഡ് സവാളയെത്തിയിരുന്നിടത്ത് ഇപ്പോൾ വരുന്നത് പത്തിൽതാഴെ ലോഡ് മാത്രം.2012ന് ശേഷം ആദ്യമായാണ് ഇതുപോലെ രൂക്ഷമായ സവാള ക്ഷാമം. കൃഷിനാശം ഉല്പാദനത്തിലുണ്ടായ ഇടിവാണ് ക്ഷാമത്തിന് പ്രധാന കാരണം. ഇന്ധന വില കൂടിയതും വിലക്കയറ്റത്തിന് കാരണമായി.