സയ്യിദ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയെന്നും അവരെപ്പോലുള്ള ആളുകൾ കാരണം അസമീസ് സ്വത്വം ഭീഷണിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദില്ലി: ബംഗ്ലാദേശികളെ അനുകൂലിച്ച് സംസാരിച്ച് ആക്ടിവിസ്റ്റും മുൻ പ്ലാനിംഗ് കമ്മീഷൻ അംഗവുമായ സയ്യിദ സയ്യിദൈൻ ഹമീദ്. വിവാദത്തിന് പിന്നാലെ സയ്യിദ നിലപാട് മാറ്റി. നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്നതിന്റെ തെളിവാണ് സയ്യിദയുടെ പരാമർശമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അസമിലെ മുസ്ലീങ്ങളെ പലപ്പോഴും 'ബംഗ്ലാദേശികൾ' എന്ന് മുദ്രകുത്തുന്നുവെന്നും ബംഗ്ലാദേശിയാകുന്നതിലെ കുറ്റമെന്താണെന്നുമായിരുന്നു സയ്യിദയുടെ വിവാദ പരാമർശം.
ബംഗ്ലാദേശികളും മനുഷ്യരാണ്. ലോകം വളരെ വലുതാണ്. ബംഗ്ലാദേശികൾക്കും ഇവിടെ ജീവിക്കാം. അവർ ആരുടെയും അവകാശങ്ങൾ നിഷേധിക്കുന്നില്ല. അങ്ങനെ ചെയ്യുന്നുവെന്ന് പറയുന്നത് പ്രശ്‌നകരവും ദുഷ്ടതയും മനുഷ്യരാശിക്ക് ഹാനികരവുമാണ്. ലോകം അല്ലാഹു സൃഷ്ടിച്ചത് മനുഷ്യർക്കുവേണ്ടിയാണ്. രാക്ഷസന്മാർക്കുവേണ്ടിയല്ല. ഈ ഭൂമിയിൽ ഒരാൾ നിൽക്കുന്നുണ്ടെങ്കിൽ, എന്തിനാണ് അവനെ ഇങ്ങനെ പിഴുതെറിയുന്നതെന്നും സയ്യിദ ചോദിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാർക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന കൈയേറ്റ വിരുദ്ധ നീക്കത്തെ പരാമർശിച്ചുകൊണ്ടായിരുന്നു സയ്യിദയുടെ പ്രസ്താവന. വിവാദമായതോടെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ആളുകളെ തിരിച്ചെത്തിക്കണമെന്ന് അവർ നിലപാട് മാറ്റി.
സയ്യിദ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയെന്നും അവരെപ്പോലുള്ള ആളുകൾ കാരണം അസമീസ് സ്വത്വം ഭീഷണിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സയ്യിദ ഹമീദിനെപ്പോലുള്ളവർ, അസമിനെ പാകിസ്ഥാന്റെ ഭാഗമാക്കാനുള്ള ജിന്നയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുകയാണ്. അനധികൃത നുഴഞ്ഞുകയറ്റക്കാരെ നിയമവിധേയരാക്കുന്നു. ഇന്ന് അവരെപ്പോലുള്ളവരുടെ മൗന പിന്തുണ കാരണം അസാമീസ് ഐഡന്റിറ്റി ഭീഷണിയിലാണ്. ബംഗ്ലാദേശികളെ അസമിൽ സ്വാഗതം ചെയ്യുന്നില്ല, അത് അവരുടെ നാടല്ല. അവരോട് അനുകമ്പയുള്ള ആർക്കും അവരുടെ സ്വന്തം പിൻമുറ്റങ്ങളിൽ അവരെ പാർപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


