Min read

'ഈഗോ തുടർന്നാൽ ദില്ലി ഇനിയും ആവര്‍ത്തിക്കും', ഇന്ത്യ സഖ്യത്തിൽ ആശങ്ക പങ്കുവച്ച് തൃണമൂൽ, ശിവസേന, എൻസിപി

After defeat Delhi election 2025 India alliance leaders expressed concern over the conflict between Congress and AAP
rahul gandhi

Synopsis

തമ്മിൽ തല്ലുന്ന സാഹചര്യം ബി ജെ പി ക്ക് കൂടുതൽ സഹായമായെന്നാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ അഭിപ്രായപ്പെട്ടത്

ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോൺഗ്രസും എ എ പിയും തമ്മിലുള്ള പൊട്ടിത്തെറി രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ സഖ്യ നേതാക്കൾ രംഗത്ത്. തമ്മില്‍ത്തല്ലി അവസാനിക്കണോ അതേ മുന്നോട്ട് പോകണോയെന്ന് എ എ പിയും കോണ്‍ഗ്രസും തീരുമാനിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. സഖ്യ കക്ഷികളുടെ ഈഗോ തുടര്‍ന്നാല്‍ ദില്ലി ഇനിയും ആവര്‍ത്തിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. എൻ സി പി, നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി നേതാക്കളും ആശങ്ക പങ്കുവച്ചു. തമ്മിൽ തല്ലുന്ന സാഹചര്യം ബി ജെ പി ക്ക് കൂടുതൽ സഹായമായെന്നാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്‍റെ തുടർ യോഗം വിളിക്കുന്നതിലും അവ്യക്തത തുടരുകയാണ്. തുടര്‍യോഗം വിളിക്കാത്ത കോണ്‍ഗ്രസിന്‍റെ നിലപാടിനെതിരെ കടുത്ത അമര്‍ഷമാണ് സഖ്യകക്ഷികള്‍ക്കുള്ളത്.

സംപൂജ്യം! രാജ്യതലസ്ഥാനത്ത് കോൺഗ്രസിൻ്റെ 'കനൽ ഒരു തരി' പ്രതീക്ഷയും കെട്ടു; ഇടതുപാർട്ടികൾക്കും അക്കൗണ്ടില്ല

വിശദ വിവരങ്ങൾ ഇങ്ങനെ

പരസ്പരം പോരടിച്ചു, പരസ്പരം പാരയായി. ആപിന് അധികാരം കിട്ടയതുമില്ല, കോണ്‍ഗ്രസ് വട്ടപൂജ്യമാകുകയും ചെയ്തു. ദില്ലി തെരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശമെന്തെന്ന ചോദ്യത്തിന് ഉത്തരമായി ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികള്‍ ചൂണ്ടികാട്ടുന്ന ഉത്തരം ഇങ്ങനെയാണ്. പരസ്പരം ഏറ്റുമുട്ടി സാധ്യതകള്‍ ഇല്ലാതാക്കിയത് ബി ജെ പിക്ക് വലിയ ഗുണമായെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ബി ജെ പിക്കെതിരെ വലിയ നീക്കവുമായി തുടക്കമിട്ട ഇന്ത്യ സഖ്യം തുടരണോയെന്നതില്‍ കോണ്‍ഗ്രസും ആപും ഉടന്‍ നിലപാട് പറയണമെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. തമ്മിലടി ഇനിയും തുടര്‍ന്നാല്‍ ഏകാധിപത്യത്തെ ചെറുക്കാനാവില്ലെന്ന് ശിവേസന വക്താവ് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. നേതാക്കളുടെ ഈഗോ തിരിച്ചടിയായെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. തമ്മിലടി തുടര്‍ന്നാല്‍ ദില്ലി ആവര്‍ത്തിക്കുമെന്ന് തൃണൂല്‍ എം പി സൗഗത റായ് മുന്നറിയിപ്പ് നല്‍കി. 

ഹരിയാനക്ക് പിന്നാലെ ഇരുപാര്‍ട്ടികളും വീണ്ടും പോരടിക്കാനുള്ള നീക്കത്തെ സഖ്യത്തിലെ പല കക്ഷികളും എതിര്‍ത്തിരുന്നു. എന്നാല്‍ ദില്ലിയിലെ മത്സരം അഭിമാന പ്രശ്മായെടുത്ത കോണ്‍ഗ്രസും ആപും ഇവിടെയും സഖ്യത്തിന് തയ്യാറായില്ല. പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, എന്‍ സി പി തുടങ്ങിയ കക്ഷികള്‍ ആപിനെ പിന്തുണച്ചത് കോണ്‍ഗ്രസിനെ വല്ലാതെ ചൊടിപ്പിച്ചു. കെജ്രിവാള്‍ നുണയനും അഴിമതിക്കാരനുമാണെന്ന് രാഹുല്‍ ഗാന്ധി തന്നെ തുറന്നടിച്ചത് ആപിന് വലിയ ക്ഷീണമായി. തെരഞ്ഞെടുപ്പോടെ വഷളായ ആപ് - കോണ്‍ഗ്രസ് ബന്ധം പഴയപടിയായേക്കില്ല. ഒക്ടോബറില്‍ ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആര്‍ ജെ ഡി - കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇന്ത്യ സഖ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തം. തുടര്‍ യോഗങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍കൈയെടുക്കാത്തതും ഈ പശ്ചാത്തലത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos