ആഗ്ര: കാമുകിയുടെ വിവാഹ നിശ്ചയം ഉൾക്കൊള്ളാൻ കഴിയാതെ യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുന്നത് ഫെയ്സ്ബുക്ക് ലൈവിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിന് പുറമെ നാല് പേജുള്ള ആത്മഹത്യാ കുറിപ്പും ബാക്കിയാക്കിയാണ് യുവാവ് മരിച്ചത്.

യുപിയിലെ ആഗ്ര ജില്ലയിലെ അച്ഛ്നേര പൊലീസ് സ്റ്റേഷൻ പരിധിയിലെ റായ്‌ബ ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ചാണ് 22കാരനായ ശ്യാം സികർവർ ആത്മഹത്യ ചെയ്തത്.

കുടുംബത്തോട് മാപ്പപേക്ഷിച്ച യുവാവ് തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഇയാൾ അറിയിച്ചിരുന്നു. ആർക്കും പക്ഷെ തടയാൻ കഴിഞ്ഞില്ല.

ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ നാട്ടുകാരാണ് ഇവിടെ തൂങ്ങിമരിച്ച നിലയിൽ ശ്യാമിനെ കണ്ടെത്തിയത്. ആർക്കെതിരെയും നടപടിയെടുക്കരുതെന്ന് ഇയാൾ പൊലീസിനോട് ഫെയ്സ്ബുക് ലൈവിലൂടെ ആവശ്യപ്പെട്ടു.

അവളില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും മറ്റൊരാളെ അവൾ വിവാഹം കഴിക്കുന്നുവെന്ന യാഥാർത്ഥ്യം തനിക്ക് ഉൾക്കൊള്ളാനാവില്ലെന്നും യുവാവ് പറഞ്ഞിട്ടുണ്ട്. അവളെ നഷ്ടപ്പെട്ടതിലെ ദു:ഖം തന്നെ വല്ലാതെ ബാധിച്ചുവെന്നും ജോലി നഷ്ടപ്പെട്ടെന്നും യുവാവ് പറയുന്നു.

പോസ്റ്റുമോർട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കുടുംബാംഗങ്ങൾ യുവാവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.