മുൻ എഐഎഡിഎംകെ സർക്കാർ ബംഗ്ലാവ് ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് ദീപയും സഹോദരൻ ദീപക്കും സമർപ്പിച്ച ഹർജികളെ തുടർന്നാണ് കോടതിയുടെ തീരുമാനം.
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ (J Jayalalitha) പോയസ് ഗാർഡൻറെ ( Poes Garden) അവകാശം ഏറ്റെടുത്ത് അനന്തിരവൾ ദീപ ജയകുമാർ (Deepa Jayakumar). ചെന്നൈ ജില്ലാ ഭരണകൂടം താക്കോൽ കൈമാറിയതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെ ദീപ പോയസ് ഗാർഡൻ വസതിയിലെത്തി. "അമ്മായിയുടെ (ജയലളിത) അഭാവത്തിൽ ഇതാദ്യമായാണ് ഞാൻ ഇവിടെ സന്ദർശിക്കുന്നത്. വീട് ഇപ്പോൾ ഒഴിഞ്ഞ് കിടക്കുന്നു. അമ്മായി ഉപയോഗിച്ചിരുന്ന ഫർണിച്ചറുകൾ നീക്കം ചെയ്തിട്ടുണ്ട്," ദീപ പറഞ്ഞു. ജയലളിതയുടെ വീട്ടിൽ താമസിക്കാനാണ് താത്പര്യമെന്നും ദീപ പറഞ്ഞു.
ജയലളിതയുടെ വസതിയായ വേദനിലയം ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി നിയമപരമായ അവകാശികൾക്ക് വിട്ടുനൽകാൻ നവംബർ 24ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വഴിയൊരുക്കിയതിനെ തുടർന്നാണ് താക്കോൽ ദീപയ്ക്ക് കൈമാറിയത്. ജയലളിതയുടെ സഹോദരന്റെ മകളാണ് ദീപ ജയകുമാർ. നേരത്തെ എഐഎഡിഎംകെ തമിഴ്നാടിന്റെ ഭരണത്തിലിരിക്കെ ജയലളിതയുടെ കുടുംബത്തോട് കൂടിയാലോചിക്കാതെ വീട് ഏറ്റെടുക്കുകയും കെട്ടിടം സ്മാരകമാക്കി മാറ്റുകയും ചെയ്തിരുന്നു.
മുൻ എഐഎഡിഎംകെ സർക്കാർ ബംഗ്ലാവ് ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് ദീപയും സഹോദരൻ ദീപക്കും സമർപ്പിച്ച ഹർജികളെ തുടർന്നാണ് കോടതിയുടെ തീരുമാനം. മദ്രാസ് ഹൈക്കോടതി ജയലളിതയുടെ സ്വത്ത് അവർക്കായിരിക്കണമെന്ന് വിധിക്കുകയും കുടുംബത്തിന് നൽകാനായി കോടതിയിൽ നിക്ഷേപിച്ച നഷ്ടപരിഹാര തുക തിരികെ എടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
സർക്കാർ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു."ഈ ഏറ്റെടുക്കലിൽ പൊതുതാൽപ്പര്യമൊന്നുമില്ല. ഏതാനും കിലോമീറ്റർ അകലെ മറീനയിൽ (ബീച്ചിൽ) ജയലളിതയ്ക്ക് ഇതിനകം 80 കോടിയുടെ സ്മാരകമുണ്ട്. 80 കോടിയുടെ മറീന സ്മാരകം നൽകാത്ത എന്ത് പ്രചോദനാത്മകമായ കഥയാണ് വേദനിലയം നൽകുന്നത്? - കോടതി ചോദിച്ചു. വെള്ളിയാഴ്ച വേദനിലയത്തിലെത്തിയ ദീപ, ഭർത്താവ് മാധവൻ, അനുയായികൾ എന്നിവർ ജയലളിതയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
