ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ദിവസം മുമ്പ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രാഹുലിന്‍റെ ട്വീറ്റ് പങ്കുവെച്ച കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടിനും ലോക്ക് വീണത്.
ദില്ലി: രാഹുൽ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും അക്കൗണ്ട് കൂട്ടത്തോടെ ലോക്ക് ചെയ്ത് ട്വിറ്റര്‍. ദില്ലിയിൽ ലൈംഗീക അതിക്രമത്തിന് ഇരയായ ബാലികയുടെ കുടുംബത്തിന്‍റെ ചിത്രം പങ്കുവെച്ചതിനാണ് നടപടി. അക്കൗണ്ട് ലോക്ക് ചെയ്തതുകൊണ്ട് ജനങ്ങൾക്ക് വേണ്ടിയുള്ള മുന്നേറ്റം നിലയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ദിവസം മുമ്പ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രാഹുലിന്‍റെ ട്വീറ്റ് പങ്കുവെച്ച കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടിനും ലോക്ക് വീണത്. പാര്‍ട്ടി ജന.സെക്രട്ടറി കെ സി വേണുഗോപാൽ, നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അജയ് മക്കൻ, സുഷ്മിത ദേവ്, മാണിക്കം ടാഗോര്‍ എന്നിവരുടെ അക്കൗണ്ടിനും ട്വിറ്റര്‍ പൂട്ടിട്ടു. എത്ര ദിവസത്തേക്കാണ് നടപടിയെന്ന് വിശദീകരിച്ചിട്ടില്ല. അഞ്ച് ദിവസമായിട്ടും രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിനുള്ള ലോക്ക് തുടരുകയാണ്.
ദില്ലിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ബാലിക കൊല്ലപ്പെടുകയും മൃതദേഹം അക്രമികൾ ദഹിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ബാലികയുടെ കുടുംബത്തെ കാണാനെത്തിയ രാഹുൽ ഗാന്ധി ആ ചിത്രം ട്വീറ്ററിൽ പങ്കുവെച്ചതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം. പോക്സോ നിയമത്തിന്‍റെ ലംഘനമാണ് നടന്നതെന്നും രാഹുൽ ഗാന്ധിക്കും ട്വിറ്ററിനും എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നലെ ദില്ലി ഹൈക്കോടതി പരിഗണിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതായി ട്വിറ്റര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ആ കേസ് രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. തൊട്ടുപിന്നാലെയാണ് കൂടുതൽ അക്കൗണ്ടുകൾ ലോക്ക് ചെയ്തുള്ള ട്വിറ്റര്‍ നടപടി. അക്കൗണ്ട് ലോക്ക് ചെയ്തതുകൊണ്ട് ജനങ്ങൾക്ക് വേണ്ടിലുള്ള മുന്നേറ്റം അവസാനിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
