ഭോപ്പാൽ: മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ ദേശസ്നേഹിയെന്ന് പുകഴ്ത്തി ബിജെപി എംഎൽഎ ഉഷ താക്കൂ‍ർ രംഗത്ത്. മലേഗാവ് സ്ഫോടന കേസ് പ്രതിയും ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപിയുമായ പ്രഗ്യ സിങ് താക്കൂറിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ഉഷ താക്കൂറും സമാനമായ പ്രസ്താവന നടത്തിയിരിക്കുന്നത്.

"ജീവിതം മുഴുവൻ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച ദേശസ്നേഹിയാണ് നാഥുറാം വിനായക് ഗോഡ്സെ. ഗാന്ധിജിയെ വധിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് മാത്രമേ അറിയുമായിരുന്നുള്ളൂ," ഉഷ താക്കൂർ പറഞ്ഞു.

ഉഷ താക്കൂറിന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദീപക് വിജയ്‌വ‍ർഗീയ പറഞ്ഞത്. വാക്കുകളിൽ രാമ ഭഗവാനെയും ഹൃദയത്തിൽ നാഥുറാം ഗോഡ്സെയെയും കൊണ്ടുനടക്കുന്നവരാണ് ബിജെപിയെന്ന് കോൺഗ്രസ് വക്താവ് പങ്കജ് ചതുർവേദി പറഞ്ഞു.