മുംബൈ: മുഖ്യമന്ത്രി രണ്ടു പാര്‍ട്ടികള്‍ക്കുമായി പങ്കിട്ടെടുക്കണമെന്ന് ശിവസേന നിലപാട് കടുപ്പിച്ചതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് പങ്കിട്ടെടുക്കണമെന്നും ഇക്കാര്യം രേഖമൂലം ഉറപ്പ് തരണമെന്നുമാണ് ശിവസേനയുടെ പുതിയ നിലപാട്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറുടെ വസതിയായ മാതോശ്രീയില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ശിവസേന ഇക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചത്. 

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടണമെന്ന് ശിവസേന നിലപാട് കടുപ്പിച്ചതോടെ ബിജെപി പ്രതിരോധത്തിലാണ്. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയിലെ 122 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു. എന്നാല്‍ ഇക്കുറി 105 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഇവിടെ നേടിയെടുക്കാനായത്. കഴിഞ്ഞ തവണ 63 സീറ്റുകള്‍ നേടിയ ശിവസേനയ്ക്ക് ഇക്കുറി 56 സീറ്റുകളുണ്ട്. 

 മുഖ്യമന്ത്രി പദത്തില്‍ അവകാശമുന്നയിക്കാന്‍ ശിവസേനയ്ക്ക് അധികാരമുണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു. മുഖ്യമന്ത്രി പദം പങ്കിടാന്‍ ബിജെപി തയ്യാറാവാത്ത പക്ഷം ശിവസേനയെ എന്‍സിപി പിന്തുണച്ചേക്കും എന്ന സൂചനയുണ്ട്. ശിവസേന ആവശ്യപ്പെട്ടാല്‍ ഇക്കാര്യം നേതൃത്വം പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കുന്നു. 

മുംബൈയിലെ വെസ്റ്റ് വര്‍ളിയില്‍ നിന്നും 66000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണ് ഇപ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പുതിയതാരം. താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയ ഈ 29-കാരനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്ലക്സുകളും കൗട്ടട്ടുകളും ശിവസേന പ്രവര്‍ത്തകര്‍ നഗരത്തില്‍ ഉയര്‍ത്തുന്നുണ്ട്. 

ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് മുംബൈയിലെ വർളിയിൽ ശിവസേന പ്രവര്‍ത്തകര്‍ കൂറ്റന്‍ ഫ്ളക്സ് ഉയര്‍ത്തി കഴിഞ്ഞു. ശിവസേന തലവന്‍ ഉദ്ദവ് താക്കറെ എംഎൽഎമാരെ തന്‍റെ വസതിയായ മാതോശ്രീയിലേക്ക് വിളിച്ച് ചർച്ച നടത്തുന്നുണ്ട്.

ഉപമുഖ്യമന്ത്രി പദം ആദിത്യ താക്കറെയ്ക്ക് നൽകി പ്രശ്നങ്ങൾ തീർക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ ബിജെപി. എന്നാല്‍ ശിവസേന നിലപാട് കടുപ്പിച്ചതോടെ ഇക്കാര്യത്തില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. അഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ ഉദ്ദവ് താക്കറെയുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ്അറിയുന്നത്.