Asianet News MalayalamAsianet News Malayalam

10 മണിക്കകം എത്തണം, സന്ദർശകർക്ക് തിരിച്ചറിയൽ രേഖ; വിദ്യാർഥിയുടെ മരണത്തിനു പിന്നാലെ ഹോസ്റ്റൽ നിയമം കടുപ്പിച്ചു

സന്ദര്‍ശകരെ വിസിറ്റര്‍ റൂമില്‍ വെച്ചേ കാണാന്‍ പാടുള്ളൂ

 after student death Jadavpur University issues strict hostel rules SSM
Author
First Published Sep 21, 2023, 5:08 PM IST

കൊല്‍ക്കത്ത: റാഗിംഗിന് പിന്നാലെ വിദ്യാര്‍ത്ഥി മരിച്ചതോടെ ഹോസ്റ്റല്‍ നിയമങ്ങള്‍ കര്‍ശനമാക്കി ജാദവ്പൂർ സര്‍വകലാശാല. രാത്രി 10 മണിക്ക് ശേഷം ഹോസ്റ്റലിന് പുറത്തുപോകരുതെന്ന് സർവകലാശാല ഡീൻ നോട്ടീസ് നൽകി. 10 മണിക്ക് ശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകണമെങ്കില്‍ വാര്‍ഡന്‍റെ അനുമതി വാങ്ങണം.

സന്ദര്‍ശകരെ വിസിറ്റര്‍ റൂമില്‍ വെച്ചേ കാണാന്‍ പാടുള്ളൂ. സന്ദർശകർ ഐഡി പ്രൂഫ് കൈവശം വയ്ക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ഹോസ്റ്റലിന്റെ പ്രവേശന കവാടത്തിൽ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററില്‍ മേല്‍വിലാസവും മൊബൈൽ നമ്പറും എഴുതണം. കാമ്പസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹോസ്റ്റൽ, മെസ് ജീവനക്കാർ ഹോസ്റ്റൽ കാമ്പസിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണമെന്നും അറിയിപ്പിൽ പറയുന്നു.

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനു പിന്നാലെ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് വിദ്യാര്‍ത്ഥിയെ വീണുമരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് ഹോസ്റ്റല്‍ നിയമങ്ങള്‍ കടുപ്പിച്ചത്. ആഗസ്ത് 9നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിദ്യാര്‍ത്ഥിയെ നഗ്നനാക്കി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയിലൂടെ നടത്തിച്ചെന്നാണ് ആരോപണം. പിന്നാലെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.  

മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കൊൽക്കത്ത പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ കോളജില്‍ പഠിക്കുന്നവരും പൂര്‍വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 13 പേരെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് പൊലീസ് ആദ്യം കൊലക്കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് നിരോധന നിയമത്തിലെ സെക്ഷൻ 4 ചേർത്തു.

പ്രതികൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കണമെന്ന് പശ്ചിമ ബംഗാൾ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (ഡബ്ല്യുബിസിപിസിആര്‍) നേരത്തെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 12 കൂടി അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തി. സർവകലാശാലയിലെ ഭരണപരമായ വീഴ്ചകളും അടിസ്ഥാന സൗകര്യ പോരായ്മകളും പരിശോധിക്കാൻ പശ്ചിമ ബംഗാള്‍ സർക്കാർ നാലംഗ വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചു.

Follow Us:
Download App:
  • android
  • ios