Asianet News MalayalamAsianet News Malayalam

രാജ്യസഭയിൽ നാടകീയ സംഭവങ്ങൾ, കാർഷിക ബില്ല് മരണ വാറണ്ടെന്ന് പ്രതിപക്ഷം; കർഷകരുടെ ദിനമെന്ന് പ്രധാനമന്ത്രി

നാടകീയ രംഗങ്ങൾക്കിടെയാണ് വിവാദ കാർഷിക പരിഷ്ക്കാര ബില്ലുകൾ രാജ്യസഭ പാസാക്കിയത്. നടുത്തളത്തിലെ പ്രതിപക്ഷ ബഹളത്തിനിടെ ഉപാദ്ധ്യക്ഷനു നേരെ കൈയ്യേറ്റ ശ്രമം നടന്നു.

Agriculture bill rajyasabha Prime Minister Modi
Author
Delhi, First Published Sep 20, 2020, 5:31 PM IST

ദില്ലി: നാടകീയ സംഭവ വികാസങ്ങൾക്കൊടുവിൽ പാസാക്കിയ കാർഷിക ബില്ല് വഴി കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർക്ക് വേണ്ടതെല്ലാം കേന്ദ്രസർക്കാർ ചെയ്യുമെന്നും വിളകളുടെ സംഭരണം മാറ്റമില്ലാതെ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബില്ല് പാസായ ഇന്ന് കർഷകരുടെ ദിനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യസഭയിൽ മണിക്കൂറുകളോളം ശക്തമായ പ്രതിഷേധം തുടർന്ന പ്രതിപക്ഷം ഇത് അവസാനിപ്പിച്ചു.

നാടകീയ രംഗങ്ങൾക്കിടെയാണ് വിവാദ കാർഷിക പരിഷ്ക്കാര ബില്ലുകൾ രാജ്യസഭ പാസാക്കിയത്. നടുത്തളത്തിലെ പ്രതിപക്ഷ ബഹളത്തിനിടെ ഉപാദ്ധ്യക്ഷനു നേരെ കൈയ്യേറ്റ ശ്രമം നടന്നു. മാർഷലുമാരെ കൊണ്ടുവന്ന് കൈയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷ എംപിമാരും ആരോപിച്ചു.  ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്ലുകൾ പാസ്സായത്.

വോട്ടെടുപ്പ് അനുവദിച്ചില്ലെന്നും ഇത് അസാധാരണമാണെന്നും തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയൻ കുറ്റപ്പെടുത്തി. ജനാധിപത്യത്തെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമത്തെ അപലപിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി  നഡ്ഡ പറഞ്ഞു. സമാധാനപരമായി നടന്ന ചർച്ചയ്ക്കൊടുവിൽ സാങ്കേതിക വിഷയങ്ങളിൽ  തട്ടിയായിരുന്നു രാജ്യസഭയിലെ ബഹളം. സഭ ഒരു മണിക്കു ശേഷവും തുടർന്നതിലായിരുന്നു ആദ്യം പ്രതിഷേധം.  

ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രമേയം വോട്ടിനിടാത്തതിനെതിരെ പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി. ഡെറക് ഒബ്രിയൻ റൂൾബുക്ക് കീറി ഉപാദ്ധ്യക്ഷൻ ഹരിവംശിൻറെ മുഖത്ത് എറിഞ്ഞു. അദ്ധ്യക്ഷൻറെ ഇരിപ്പിടത്തിലെ മൈക്ക് വലിച്ചൂരിയെടുത്തു. പത്തു മിനിറ്റ് നിറുത്തിയ ശേഷം സഭ തുടങ്ങിയപ്പോഴും കാഴ്ചകളിൽ മാറ്റമില്ലായിരുന്നു. കടലാസ് കീറിയും മേശയിൽ കയറി നിന്നും പ്രതിഷേധം തുടർന്നു. മാർഷലുമാർ ചുറ്റും നിന്ന് പ്രതിരോധം തീർത്ത് ബില്ല് പാസ്സാക്കുന്ന ദൃശ്യങ്ങൾ ചില എംപിമാർ പുറത്തു വിട്ടു.

മാർഷൽമാരെ വരുത്തി അംഗങ്ങളെ നിയന്ത്രിച്ച് ശബ്ദവോട്ടോടെ ഒടുവിൽ രണ്ട് ബില്ലുകൾ പാസാക്കി. അവശ്യസാധന നിയമഭേദഗതി ബില്ല് നാളത്തേക്ക് മാറ്റി. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ബില്ല് പാസാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ കോൺഗ്രസും സിപിഎമ്മും തൃണമൂലും ഗുണ്ടായിസം കാട്ടിയെന്ന് ബിജെപി തിരിച്ചടിച്ചു. രാജ്യസഭ പിരിഞ്ഞിട്ടും പുറത്തേക്ക് പോകാതെ അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.  ലോക്സഭയും ഇതേ തുടർന്ന് ഒരു മണിക്കൂർ നിറുത്തിവച്ചു. ഭൂമി ഏറ്റെടുക്കൽ ബില്ലിൽ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് കാലിടറിയ നരേന്ദ്ര മോദിക്ക് കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കാനായി. എന്നാൽ ബഹളത്തിനിടെ ബില്ല് പാസാക്കേണ്ടി വന്നത് സർക്കാരിന് തിരിച്ചടിയാണ്. കർഷക സമരങ്ങൾക്ക് സഭയിലെ ഈ പ്രതിഷേധവും ബഹളവും ബലം പകരും. ബില്ലും പാസ്സാക്കിയ നടപടിയും കോടതിയിലെത്താനുള്ള സാധ്യതയും ഏറുകയാണ്.

താങ്ങുവില ഇല്ലാതാക്കില്ലെന്ന് സർക്കാർ, കർഷകന് മരണവാറണ്ടെന്ന് പ്രതിപക്ഷം

കാർഷിക പരിഷ്ക്കാര ബില്ലുകൾ താങ്ങുവില ഇല്ലാതാക്കില്ലെന്ന് കൃഷിമന്ത്രി പാർലമെൻറിൽ ഉറപ്പു നല്കി. കർഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിർത്തു. ബില്ലിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. ഈ ബില്ല് താങ്ങുവിലയുമായി ബന്ധപ്പെട്ടതല്ല. താങ്ങുവില സർക്കാരിൻറെ ഉറപ്പാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കോർപറേറ്റ് താത്പര്യമാണ് ബില്ലിന് പിന്നിലെന്നും അംബാനിക്കും അദാനിക്കും വേണ്ടിയാണ് ഈ ബില്ല് അവതരിപ്പിച്ചതെന്നും സിപിഎം അംഗം കെകെ രാഗേഷ് കുറ്റപ്പെടുത്തി.

ബില്ല് കർഷകരുടെ മരണവാണ്ടെന്നാണ് കോൺഗ്രസ് എംപി പ്രതാപ്സിംഗ് ബാജ്വ ആരോപിച്ചത്. കോർപ്പറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു. ആദ്യ സർക്കാരിൻറെ കാലത്ത് ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ബില്ലിൽ രാജ്യസഭയിൽ വീണ നരേന്ദ്രമോദിക്ക് ഈ ബില്ലുകൾ പാസാക്കാനാകുന്നത് രാഷ്ട്രീയ വിജയമാണ്. സഖ്യകക്ഷികൾ എതിർത്താലും  പരിഷ്ക്കാര നടപടികളുമായി മുന്നോട്ടു പോകും എന്ന സന്ദേശമാണ് കേന്ദ്രം നല്കുന്നത്. ഭാരത് ബന്തിന് കർഷകസംഘടനകൾ ആഹ്വാനം നല്കിയിരിക്കുമ്പോഴാണ് കാർഷിക ബില്ലുകൾ രാജ്യസഭയും കടക്കുന്നത്. ഇപ്പോൾ ചില സംസ്ഥാനങ്ങളിൽ ഒതുങ്ങി നില്ക്കുന്ന കർഷക പ്രക്ഷോഭങ്ങൾ ശക്തിപ്പെടാൻ ഈ ബില്ലുകൾ ഇടയാക്കും.

Follow Us:
Download App:
  • android
  • ios