Asianet News MalayalamAsianet News Malayalam

ട്രംപിന്‍റെ വരവ് പ്രമാണിച്ച് കുരങ്ങുകളെ നാടുകടത്താന്‍ അഹമ്മദാബാദ് വിമാനത്താവള അധികൃതര്‍

പക്ഷെ തടസങ്ങളില്ലാതെ ട്രംപിന്‍റെ വിമാനം നിലത്തിറങ്ങുന്നതിന് വലിയ ഭീഷണിയാണ് റൺവേയിൽ അതിക്രമിച്ച് കയറുന്ന വാനരസംഘം. 

Ahmedabad airport runway failure Bear man cant scare monkeys
Author
Ahmedabad, First Published Feb 21, 2020, 7:08 AM IST

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്‍റിന്‍റെ വരവോടെ അഹമ്മദാബാദിൽ നാടുകടത്തൽ നടപടിക്ക് വിധേയരാവുന്ന ഒരു കൂട്ടരുണ്ട്. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന കുരങ്ങുകളാണ് അത്. വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെടുത്തിക്കൊണ്ട് റൺവേയിലേക്കെത്താറുള്ള കുരങ്ങു കൂട്ടത്തെ കെണിവച്ച് പിടികൂടുകയാണ് വിമാനത്താവള അധികൃതർ.

പക്ഷെ തടസങ്ങളില്ലാതെ ട്രംപിന്‍റെ വിമാനം നിലത്തിറങ്ങുന്നതിന് വലിയ ഭീഷണിയാണ് റൺവേയിൽ അതിക്രമിച്ച് കയറുന്ന വാനരസംഘം. വിമാനത്താവളത്തോട് ചേർന്നുള്ള സൈനിക കേന്ദ്രത്തിലെ മരങ്ങളിൽ തമ്പടിച്ച കുരങ്ങുകൾ റൺവേയിലേക്ക് ഓടിയെത്തുക പതിവാണ്.കുരങ്ങിറങ്ങിയാൽ പിന്നെ വിമാനമിറങ്ങില്ല. സൈറൺ മുഴക്കിയും പടക്കം പൊട്ടിച്ചുമുള്ള വിദ്യകൾ പയറ്റിനോക്കിയിട്ടും രക്ഷയുണ്ടായില്ല. 

ഒടുവിൽ കരടി വേഷം കെട്ടി സുരക്ഷാ ഉദ്യോഗസ്ഥർ പുറകെ ഓടിനോക്കി. ആദ്യം ഭയന്ന കുരങ്ങുകൾ ഇപ്പോൾ ഇതൊരു രസമുള്ള കളിയെന്ന മട്ടിലായി.ട്രംപ് കൂടിയെത്തുമെന്ന് വിവരം ലഭിച്ചതോടെയാണ് കെണിവച്ച് തുടങ്ങിയത്.പിടിയിലായ 50ലധികം കുരങ്ങുകളെയാണ് കിലോമീറ്ററുകൾക്കപ്പുറമുള്ള വനപ്രദേശത്ത് തുറന്ന് വിട്ടത്. വിമാനത്താവള മതിലിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ സൈനിക കേന്ദ്രത്തിന് കത്തും നൽകിയിട്ടുണ്ട്.

പക്ഷികളും വിമാനത്താവളത്തിൽ ശല്യക്കാരാണ്. കഴിഞ്ഞ ദിവസം ബംഗലൂരുവിലേക്ക് പറന്നുയരുകയായിരുന്ന ഗോഎയർ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് അടിയന്തിരമായി തിരികെ ഇറക്കിയിരുന്നു.കഴിഞ്ഞ വർഷം മാത്രം 37 തവണയാണ് പക്ഷികൾ വിമാനങ്ങളിലിടിച്ചത്.

Follow Us:
Download App:
  • android
  • ios