അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. എട്ട് കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു എന്നാണ് ലഭിക്കുന്ന വിവരം. എട്ട് കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. അമ്പതിലധികം യു കെ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളില്‍ തകര്‍ന്ന് വീണത്. ഉച്ചയ്ക്ക് 1.39 ന് പുറന്നുയര്‍ന്ന വിമാനം അഞ്ച് മിനിറ്റിനകം തകര്‍ന്ന് വീഴുകയായിരുന്നു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.110 മരണം സ്ഥിരീകരിച്ചെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. വിമാനം ജനവാസ മേഖലയിൽ തകർന്നു വീണതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചേക്കും. അപകടത്തില്‍ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വിമാന ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചതായും അറിയിപ്പുണ്ട്. രക്ഷാപ്രവർത്തനത്തിന്‍റെയടക്കം ഭാഗമായാണ് നടപടി.


