അപകടത്തില്‍ മരണസംഖ്യ 200 കടന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ ഒരു മലയാളി യുവതിയും ഉള്‍പ്പെടുന്നു.

അഹമ്മാദാബാദ്: നാടിനെ നടുക്കിയ അഹമ്മാദാബാദ് വിമാനാപകടത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി മരിച്ചെന്ന് സ്ഥിരീകരണം. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്നാണ് പൊലീസ് മേധാവി സ്ഥിരീകരിച്ചത്. ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രക്കിടെയാണ്. വിജയ് രൂപാണി അപകടത്തിൽപ്പെട്ടത്. 

ഫ്ലൈറ്റ് പാസഞ്ചർ ലിസ്റ്റിൽ പന്ത്രണ്ടാമത്തെ യാത്രികനായിരുന്നു വിജയ് രൂപാണി. പന്ത്രണ്ട് മണിയോടെയാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. 12.10 ന് സോൺ ഒന്നിലെെ ഗ്രീൻ ചാനലിലൂടെ നടപടികൾ പൂർത്തിയാക്കി. ബിസിനസ് ക്ലാസിലെ 2D സീറ്റിലായിരുന്നു വിജയ് രൂപാണിയുടെ യാത്ര. മകളെ കാണാനായാണ് വിജയ് രൂപാണി ലണ്ടനിലേക്ക് പോയതെന്ന് റിപ്പോർട്ട്. മുതിർന്ന ബിജെപി നേതാവായിരുന്ന വിജയ് രൂപാണി ഗുജറാത്തിൻ്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായിരുന്നു. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളില്‍ തകര്‍ന്ന് വീണത്. ഉച്ചയ്ക്ക് 1.39 ന് പുറന്നുയര്‍ന്ന വിമാനം അ‍ഞ്ച് മിനിറ്റിനകം തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനും ദുരന്തത്തില്‍പ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ആരെയും രക്ഷിക്കാനായില്ലെന്നാണ് പൊലീസ് മേധാവി സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവരില്‍ ഒരു മലയാളി യുവതിയും ഉള്‍പ്പെടുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു. വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ ഹോസ്റ്റലില്‍ 400ലധികം പേരുണ്ടായിരുന്നു. ഇവരില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. ഹോസ്റ്റലിലുണ്ടായിരുന്നു അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.