വിമത എംഎൽഎമാർക്കെതിരെ നടപടിയുമായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. സഭയിൽ വിജയ്‍യ്ക്ക് അനുകൂലമായി വോട്ട് ചെയ്ത 25 എംഎൽഎമാരെ പാർട്ടി പദവികളിൽനിന്ന് നീക്കി.
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്കുള്ളിൽ പ്രതിസന്ധി രൂക്ഷമാകുന്നു. നിയമസഭയിൽ വിജയ്‍യ്ക്ക് അനുകൂലമായി നിലപാടെടുത്ത വിമത എംഎൽഎമാരെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് നീക്കി. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആണ് നടപടിയെടുത്തത്. മുതിർന്ന നേതാക്കളായ എസ് പി വേലുമണി, സി വി ഷൺമുഖം എന്നിവരടക്കം 25 എംഎൽഎമാർക്കെതിരെയാണ് നടപടിയുണ്ടായത്.

വിജയ് നേതൃത്വം നൽകുന്ന ടിവികെയെ ഭരണത്തിൽനിന്ന് അകറ്റാനായി അണ്ണാ ഡിഎംകെയുടെ പരമ്പരാഗത ഡിഎംകെ വിരുദ്ധ നിലപാട് എടപ്പാടി പളനിസ്വാമി ദുർബലപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പാർട്ടിക്കുള്ളിൽ വിമതശബ്ദം ഉയർന്നത്. ബുധനാഴ്ച സഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിമത എംഎൽഎമാർ വിപ്പ് ലംഘിച്ച് ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്.
സഭയിൽ നടന്ന വോട്ടെടുപ്പിൽ അണ്ണാ ഡിഎംകെയുടെ 25 വിമത എംഎൽഎമാരടക്കം 144 എംഎൽഎമാരാണ് വിജയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാൻ 117 വോട്ടുകൾ വേണമെന്നിരിക്കെയാണ് പ്രതിപക്ഷ എംഎൽഎമാരുടെ അടക്കം പിന്തുണ ലഭിച്ച് 144 വോട്ടുകൾ നേടാൻ ടിവികെയ്ക്ക് കഴിഞ്ഞത്.
ടിവികെയുടെ 107 എംഎൽഎമാർക്ക് പുറമേ, കോൺഗ്രസിൻ്റെ അഞ്ച് എംഎൽഎമാരും സിപിഎമ്മിൻ്റെയും സിപിഐയുടെയും വിസിക്കെയുടെയും രണ്ട് വീതം എംഎൽഎമാരും എഎംഎംകെയുടെ ഒരു എംഎൽഎയും വിജയ് നേതൃത്വം നൽകുന്ന സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. അണ്ണാ ഡിഎംകെയുടെ 22 എംഎൽഎമാർ എതിർത്ത് വോട്ട് ചെയ്തപ്പോൾ ഡിഎംകെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പിഎംകെയുടെ നാല് എംഎൽഎമാരും ബിജെപിയുടെ ഒരു എംഎൽഎയും വോട്ടെടുപ്പിൽ പങ്കെടുക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു.
വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് ടിവികെയുടെ ഒരു എംഎൽഎയെ ഹൈക്കോടതി വിലക്കിയിരുന്നു. അതേസമയം വോട്ടെടുപ്പിന് പിന്നാലെ ടിവികെ കുതിരക്കച്ചവടത്തിന് ശ്രമം നടത്തുന്നുവെന്ന ആരോപണം ഉയർന്നെങ്കിലും വിജയ് ഇത് തള്ളി.


