60 എംഎൽഎമാരുടെ പിന്തുണ ഉറപ്പായെന്ന് ദിനകരൻ പറഞ്ഞു. 6 മന്ത്രിമാരും ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് ടി ടി  വി ദിനകരൻ വ്യക്തമാക്കി.

ചെന്നൈ: വി കെ ശശികലയെ പിന്തുണച്ച് വീണ്ടും ഒപിഎസ് പക്ഷം. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി എന്ന് വിശേഷിപ്പിച്ചു കൊണ്ട് തമിഴ്നാട്ടില്‍ പോസ്റ്ററുകൾ ഉയര്‍ന്നു. ശശികലയെ പിന്തുണച്ച് അണ്ണാഡിഎംകെയിലെ കൂടുതൽ നേതാക്കളും രംഗത്തെത്തി. ശശികലയെ പിന്തുണച്ച് ചെന്നൈയിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. 60 എംഎൽഎമാരുടെ പിന്തുണ ഉറപ്പായെന്ന് ദിനകരൻ പറഞ്ഞു. 6 മന്ത്രിമാരും ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് ടി ടി വി ദിനകരൻ വ്യക്തമാക്കി.

പാര്‍ട്ടി പിടിക്കാനുള്ള നീക്കങ്ങള്‍ക്കിടെ ശശിലകലയ്ക്ക് പിന്തുണ ഏറുകയാണ്. ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. മുന്‍ മന്ത്രി എം മണിക്ണ്ഠന്‍ ഉള്‍പ്പടെ മൂന്ന് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ബെംഗ്ലൂരുവിലെ ക്യാമ്പ് എത്തിയിരുന്നു. ശശികലയെ ജനറല്‍ സെക്രട്ടറി എന്ന് വിശേഷിപ്പിച്ച് തമിഴ്നാട്ടില്‍ ഉടനീളം പോസ്റ്ററുകളും ഉയരുകയാണ്. മുതിര്‍ന്ന നേതാവും മുന്‍ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ ഒപ്പമെത്തിക്കാനുള്ള നീക്കത്തിലാണ് ശശികല. വടക്കന്‍ തമിഴ്നാട്ടില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് തമ്പിദുരൈ. കൂടുതല്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള മാരത്തണ്‍ ചര്‍ച്ചകളിലാണ് ദിനകരന്‍.

മന്നാര്‍ഗുഡി കുടുംബത്തിനെതിരെ ഒപിഎസ് ധര്‍മ്മയുദ്ധം പ്രഖ്യാപിച്ച ഫെബ്രുവരി ഏഴിനാണ് ശശികല ചെന്നൈയിലേക്ക് എത്തുന്നത്. ഹൊസൂര്‍ മുതല്‍ ടി നഗറിലെ വീടുവരെ വന്‍ സ്വീകരണം ഒരുക്കാനാണ് നീക്കം. അനുമതി ലഭിച്ചിട്ടില്ലെങ്കിലും ജയ സമാധി സന്ദര്‍ശിക്കാനുള്ള തയാറെടുപ്പിലാണ്.