സേലം, കള്ളക്കുറിച്ചി, തൂത്തുക്കുടി ജില്ലകളില്‍ നിന്നുള്ള നേതാക്കളാണ് പുറത്താക്കപ്പെട്ടവര്‍. ശശികലയുമായി ഇവര്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു സംസാരിച്ചത്. 

ചെന്നൈ: എഐഎഡിഎംകെ വിമതനേതാവ് വി.കെ. ശശികലയുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ ഒമ്പതുപേരെ പുറത്താക്കി. ഇവരെ പുറത്താക്കിയതായും ഇവരുമായ ഒരു തരത്തിലുമുള്ള ബന്ധം പുലര്‍ത്തരതെന്നും പാര്‍ട്ടിയുടെ കോ ഓര്‍ഡിനേറ്റര്‍മാരായ ഒ പനീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

സേലം, കള്ളക്കുറിച്ചി, തൂത്തുക്കുടി ജില്ലകളില്‍ നിന്നുള്ള നേതാക്കളാണ് പുറത്താക്കപ്പെട്ടവര്‍. ശശികലയുമായി ഇവര്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു സംസാരിച്ചത്. തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള അവകാശവാദത്തിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതായിരുന്നു ടെലഫോണ്‍ സംഭാഷണത്തില്‍ നടത്തിയത്.

തിരിച്ചുവരവില്‍ ശശികല പാര്‍ട്ടിയുടെ താഴ്ന്ന ഘടകത്തിലും മദ്ധ്യ ഘടകത്തിലും എത്താനുള്ള ശ്രമമാണ് നടത്തുന്നത്. കോവിഡിനും ലോക്ഡൗണിനും പിന്നാലെ ചെന്നൈയിലെ ജയലളിത മെമ്മോറിയല്‍ സന്ദര്‍ശിക്കുമെന്ന് ഇവര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2017 ഫെബ്രുവരിയില്‍ ജയിലിലേക്ക് പോകും മുമ്പാണ് ഇവര്‍ ഇതിന് മുമ്പ് മെമ്മോറിയല്‍ സന്ദര്‍ശിച്ചത്. ഈ സമയത്ത് തന്നെ ഒതുക്കാന്‍ വേണ്ടി നടന്ന ഗൂഡാലോചന, തകര്‍ക്കാനും പ്രതികാരം ചെയ്യുമെന്ന് ഇവര്‍ പ്രതിജ്ഞ എടുത്തിരുന്നു. 

ജനുവരി 27 നാണ് 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനകേസില്‍ നാലു വര്‍ഷം തടവുശിക്ഷ അനുഭവിച്ച ശേഷം പുറത്തുവന്നത്. എന്നാല്‍ ഡിഎംകെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ യെ തോല്‍പ്പിച്ചതോടെ മാര്‍ച്ച് 24 ന് ഇവരെ തിരികെ പാട്ടിയില്‍ എടുക്കുമെന്നതിന്റെ സൂചന പനീര്‍ശെല്‍വം നല്‍കുകയായിരുന്നു. എന്നാല്‍ ഇ പളനിസ്വാമി ഇപ്പോഴും ശക്തമായ എതിര്‍പ്പിലാണ്. എഎംഎംകെ നേതാവ് ടിടിവി ദിനകരനുമായുള്ള സഖ്യം ഇ പളനിസ്വാമി നിരസിക്കുന്നു.

ലോക്ഡൗണിന് ശേഷം പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്താന്‍ ശശികല തയ്യാറെടുക്കുന്നു എന്ന സൂചനകളാണ് പുതിയ ഫോണ്‍ വിളി വിവാദം എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെ ശരിയായ ദിശയിലേക്ക് നയിക്കുമെന്ന് ഇവര്‍ ശപഥം ചെയ്യുകയും എംജി ആര്‍ മരണപ്പെട്ടതിന് പിന്നാലെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയും തമ്മിലുള്ള മത്സരവും ജയലളിത പാര്‍ട്ടി പിടിച്ചെടുത്തതുമെല്ലാം ഫോണ്‍ സംഭാഷണത്തില്‍ ശശികല ഓര്‍മ്മിപ്പിച്ചത് രാഷ്ട്രീയ സൂചനകളായാണ് തമിഴ് രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.