തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ ആത്മഹത്യയിൽ ആർഎസ്എസിനെതിരെ എഐസിസി നേതൃത്വം. ആർഎസ്എസിനെതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന് പവൻ ഖേര

ദില്ലി: മലയാളി സോഫ്റ്റ് വെയർ എൻജിനീയറുടെ ആത്മഹത്യയിൽ ആർഎസ്എസിനെതിരെ എഐസിസി നേതൃത്വം. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനന്തു അജിയെന്ന എൻജിനീയർ ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എഫ്ഐആറിൽ പൊലീസ് ആർഎസ്എസിനെ ഒഴിവാക്കിയിരിക്കുന്നത് ദുരൂഹമാണ്. ആർഎസ്എസിനെതിരെയും കേസെടുത്ത് അന്വേഷണം വേണമെന്നും പ്രധാനമന്ത്രിയടക്കം വളർന്നു വന്ന ആർഎസ്എസ് ശാഖകളിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണെന്നും പവൻ ഖേര പ്രസ്താവനയിൽ വ്യക്തമാക്കി.

അനന്തു അജിയുടെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന് പ്രിയങ്കാ ​ഗാന്ധി

കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്കാ ​ഗാന്ധി. ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ചാണ് അനന്തു അജി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ശക്തവും സമ​ഗ്രവുമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിആവശ്യപ്പെട്ടു. ആർ‌എസ്‌എസിലെ ഒന്നിലധികം അംഗങ്ങൾ തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് അനന്ദു അജി തന്റെ ആത്മഹത്യാ സന്ദേശത്തിൽ ആരോപിച്ചിരുന്നു. താൻ മാത്രമല്ല ഇരയെന്നും ആർ‌എസ്‌എസ് ക്യാമ്പുകളിൽ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്നും അനന്ദു പറഞ്ഞത് ശരിയാണെങ്കിൽ ഭയാനകമാണെന്നും പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിൽ പറഞ്ഞു.