Asianet News MalayalamAsianet News Malayalam

പോപ്പുലർ ഫ്രണ്ട് നിരോധിച്ചത് ക്രൂരമായ നടപടി, പ്രതികരിച്ച് ഒവൈസി

ചില വ്യക്തികളുടെ പ്രവർത്തിയുടെ പേരിൽ സംഘടനയെ നിരോധിക്കുന്നത് ശരിയല്ലെന്നും കേന്ദ്ര സർക്കാരിന്റേത് ക്രൂരമായ നടപടിയാണെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി 

aimim leader asaduddhin owaisi says that ban on pfi canot be supported 
Author
First Published Sep 28, 2022, 5:38 PM IST

ഹൈദരാബാദ്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ എഐഎംഐഎം. ചില വ്യക്തികളുടെ പ്രവർത്തിയുടെ പേരിൽ സംഘടനയെ നിരോധിക്കുന്നത് ശരിയല്ലെന്നും കേന്ദ്ര സർക്കാരിന്റേത് ക്രൂരമായ നടപടിയാണെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു. പ്രതികരിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിങ്ങളെ നിശബ്ദരാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഒവൈസി കുറ്റപ്പെടുത്തി. താൻ എല്ലായ്‌പ്പോഴും പിഎഫ്‌ഐയുടെ രീതിയെ എതിർത്തിരുന്നെങ്കിലും ജനാധിപത്യ സമീപനത്തെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ക്രൂരമായ നിരോധനം അപകടകരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

അതേ സമയം, പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കേരളത്തിൽ നിന്നുള്ള മുസ്ലിം സംഘടനകളിൽ നിന്നും സമ്മിശ്ര പ്രതികരണമാണുണ്ടായത്. നിരോധനം ചോദിച്ചു വാങ്ങിയതെന്നായിരുന്നു കേരള നദ്‍വത്തുല്‍ മുജാഹീദ്ദിന്‍റെ പ്രതികരണം. പിഎഫ്ഐ അമീബയെ പോലെ രൂപം മാറി വരാനിടയുണ്ടെന്നും സമുദായം തന്നെ ഇതിനെതിരെ രംഗത്തിറങ്ങണമെന്നും മുസ്ലീംലീഗ് നേതാവ് എം.കെ മുനീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിരോധനം ജനാധിപത്യ വിരുദ്ധവും വിവേചനപരവുമെന്നായിരുന്നു ജമാ അത്തെ ഇസ്ളാമിയുടെ പ്രതികരണം.  

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ആദ്യ പ്രതികരണം വന്നത് മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്നായിരുന്നു. സിഎച്ച് മുഹമ്മദ് കോയയുടെ 39 ആം ചരമ വാര്‍ഷികത്തിന്‍റെ ഭാഗമായുളള പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ലീഗ് നേതാവ് എംകെ മുനീര്‍ നിരോധനത്തെ പിന്തുണച്ചു. ഖുറാനും ഹദീസും ദുര്‍വ്യാഖ്യാനം ചെയ്ത് കൊച്ചുകുട്ടികളെക്കൊണ്ടുവരെ കലാഹപത്തിന് ആഹ്വാനം ചെയ്യിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എം.കെ മുനീര്‍ ആവശ്യപ്പെട്ടു. 

പോപ്പുലര്‍ ഫണ്ടിനെതിരായ നടപടികളോട് യോജിക്കുമ്പോഴും നിരോധനം കൊണ്ട് പിഎഫ്ഐ മുന്നോട്ട് വച്ച ആശയത്തെ തകര്‍ക്കാനാകില്ലെന്നും അതിന് ബോധവല്‍ക്കരണമാണ് വേണ്ടതെന്നുമായിരുന്നു കെഎം ഷാജിയുടെ പ്രതികരണം. പിഎഫ്ഐയെ നിരോധിച്ചത് അവർ സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനങ്ങള്‍ കൊണ്ടു തന്നെയെന്നായിരുന്നുവെന്നാണ് കേരള നദ്‍വത്തുല്‍ മുജാഹീദ്ദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനിയുടെ പ്രതികരണം. പിഎഫ്ഐക്ക് സമാനമായ ധ്രുവീകരണമാണ് ആര്‍എസ്എസും സമൂഹത്തില്‍ നടത്തുന്നതെന്നും അധികാരികള്‍ക്ക് ഇക്കാര്യങ്ങളെ നീതിപൂര്‍വം കാണാന്‍ കഴിയണമെന്നും കെഎന്‍എം ആവശ്യപ്പെട്ടു. നിരോധനത്തെ  എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും സ്വാഗതം ചെയ്തു. 

എന്നാല്‍ നിരോധനം വിവേചനപരമെന്നായിരുന്നു ജമാ അതെ ഇസ്ളാമിയുടെ പ്രതികരണം. പിഎഫ്ഐയെ അനുകൂലിക്കുന്നില്ലെങ്കിലും ആശയത്തെ ആശയം കൊണ്ട് നേരിടുകയാണ് വേണ്ടതെന്നും ജമാ അതെ ഇസ്മാമി നേതാക്കള്‍ പറഞ്ഞു. അതേസമയം പിഎഫ്ഐ നിരോധനത്തെക്കുറിച്ച് സമസ്തയുടെ ഇരു വിഭാഗവും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  

 

 

Follow Us:
Download App:
  • android
  • ios