Asianet News MalayalamAsianet News Malayalam

ശ്രീശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷനാകും; ചോദ്യവുമായി ഒവൈസി; 'സിറിയ പരാമര്‍ശവും' ചര്‍ച്ചയാകുന്നു

അയോധ്യയിലെ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയ പോലെയാകുമെന്ന് രവിശങ്കര്‍ മുമ്പ് പറഞ്ഞിരുന്നതും അദ്ദേഹം ചൂണ്ടികാട്ടി. അയോധ്യ പ്രശ്നത്തില്‍ ഒരു വിഭാഗത്തിനൊപ്പം നിന്നിരുന്ന രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷനാകുമെന്നും ഒവൈസി ചോദിച്ചു

AIMIM leader Asaduddin Owaisi against Sri Sri Ravi Shankar on Ayodhya panel
Author
New Delhi, First Published Mar 8, 2019, 3:21 PM IST

ദില്ലി: അയോധ്യ പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയെചൊല്ലി പുതിയ വിവാദം. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിനെതിരെ മുസ്ലിം സംഘടനാ നേതാക്കളടക്കം രംഗത്തെത്തി.

അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി നിലയുറപ്പിച്ചിരുന്ന ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷത ഉറപ്പുവരുത്തുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചു. അയോധ്യയിലെ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയ പോലെയാകുമെന്ന് രവിശങ്കര്‍ മുമ്പ് പറഞ്ഞിരുന്നതും അദ്ദേഹം ചൂണ്ടികാട്ടി. അയോധ്യ പ്രശ്നത്തില്‍ ഒരു വിഭാഗത്തിനൊപ്പം നിന്നിരുന്ന രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷനാകുമെന്നും ഒവൈസി ചോദിച്ചു.

സോഷ്യല്‍ മീഡിയയിലും ശ്രീ ശ്രീ രവിശങ്കറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിറിയ പരാമര്‍ശത്തിന്‍റെ പേരില്‍ തന്നെയാണ് വിവാദം കത്തുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രവിശങ്കറിന്‍റെ സിറിയ പരാമര്‍ശം പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്‍റെ സംഘടനയായ ആര്‍ട്ട് ഓഫ് ലിവിംഗ് ഇത് നിഷേധിച്ചിരുന്നു. അയോധ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തി വരുന്നയാളാണ് ശ്രീ ശ്രീ രവിശങ്കറെന്നായിരുന്നു വാദം. അയോധ്യ വിഷയത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് അയച്ച കത്ത് ചൂണ്ടികാട്ടി പ്രശ്നം രമ്യമായി പരിഹാരിക്കാനുള്ള മാര്‍ഗങ്ങളാണ് രവിശങ്കര്‍ തേടുന്നതെന്നും ആര്‍ട്ട്ഓഫ് ലിവിങ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി ഇന്ന് രൂപം നല്‍കിയത്. ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിന് പുറമെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവാണ് സമിതിയിലുള്ളത്. യുപിയിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്‍ച്ചയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ച്ച സമയം മധ്യസ്ഥ സമിതിക്ക് അനുവദിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios