ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന ട്വീറ്റ് നിമിഷങ്ങള്‍ക്കകം പിന്‍വലിച്ച് ആകാശവാണി. ഓള്‍ ഇന്ത്യ റേഡിയോയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ്  പ്രത്യക്ഷപ്പെട്ടതോടെ എഎന്‍ഐ അടക്കമുളള വാര്‍ത്താ ഏജന്‍സികളും ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആകാശവാണി  ഈ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. 

ട്വീറ്റ് പിന്‍വലിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോദി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു വിവരമെങ്കിലും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ മരണത്തെ തുടര്‍ന്ന് ഇത് മാറ്റി വെയ്ക്കുകയായിരുന്നു.