ദില്ലിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം  ഉച്ചയ്ക്ക് 12.30ന്  കാബൂളിലേക്ക് പുറപ്പെടും. 

ദില്ലി: താലിബാന്‍ ഭരണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി വിമാനം തിരിക്കും. ദില്ലിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും. രണ്ട് വിമാനങ്ങള്‍ കൂടി തയ്യാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കാബൂൾ-ദില്ലി അടിയന്തര യാത്രയ്ക്ക് തയ്യാറെടുത്തിരിക്കാൻ ജീവനക്കാർക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ദില്ലിയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു.

അതേസമയം രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ് കാബൂള്‍ വിമാനത്താവളത്തില്‍. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കാബൂളിൽ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിൽ താലിബാന്‍ പതാക ഉയർത്തിയതിന് പിന്നാലെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. 

തലസ്ഥാനമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികൾ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നിൽക്കാതെ തന്നെ അഫ്ഗാൻ സൈന്യം പിന്മാറുകയായിരുന്നു. നഗരാതിർത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചർച്ചകൾക്കായി താലിബാൻ സംഘം പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെത്തി. അധികാരമൊഴിയുക അല്ലാതെ മറ്റൊരു വഴിയും പ്രസിഡന്‍റ് അഷ്റഫ് ഗാനിക്ക് മുന്നിലുണ്ടായിരുന്നില്ല. അധികാര കൈമാറ്റം പൂർത്തിയാവും വരെ ഇടക്കാല സർക്കാരിനെ ഭരണമേൽപിക്കാനാണ് ധാരണ. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന അലി അഹമ്മദ് ജലാലിയാവും ഇടക്കാല സർക്കാരിനെ നയിക്കുകയെന്നാണ് വിവരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona