ദില്ലി: പാക്കിസ്ഥാൻ തങ്ങളുടെ പരിധിയിലെ വ്യോമപാതയിലേക്ക് ഇന്ത്യൻ യാത്രാവിമാനങ്ങൾക്ക് പ്രവേശനം നിഷേധിച്ചപ്പോൾ എയർ ഇന്ത്യക്ക് മാത്രം 560 കോടി നഷ്ടമായി. വിലക്ക് നിലനിന്ന കഴിഞ്ഞ 140 ദിവസങ്ങളിൽ പ്രതിദിനം നാല് കോടി രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യയ്ക്ക് ഉണ്ടായത്.

ഇതോടെ ഈ സാമ്പത്തിക വർഷത്തിൽ ചരിത്രത്തിൽ തന്നെ ഉയർന്ന നഷ്ടമാകും രേഖപ്പെടുത്തുക. ഏതാണ്ട് 7600 കോടി നഷ്ടം പ്രതീക്ഷിക്കുന്നതായാണ് കണക്ക്.

സ്വകാര്യ വിമാനക്കമ്പനികളായ ഇന്റിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവയ്ക്ക് യഥാക്രമം 25.1 കോടി, 30.73 കോടി, 2.1 കോടി എന്നിങ്ങനെ നഷ്ടം നേരിട്ടു. ആകെ നഷ്ടം ഇങ്ങിനെ 620 കോടിയായി.

പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, പാക്കിസ്ഥാനിലെ ബാലകോട്ടിലുള്ള ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ ക്യാപ് ഇന്ത്യൻ വ്യോമസേന തകർത്തിരുന്നു.  പുൽവാമ ആക്രമണം നടന്ന് 12 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യ തിരിച്ചടി നൽകിയത്. ഇതിന് ശേഷമാണ് പാക് വ്യോമപാതയിലേക്കുള്ള പ്രവേശനം അടച്ചത്.

ഇതോടെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടി വന്നതാണ് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നഷ്ടം നേരിടാൻ കാരണമായത്. അമേരിക്കയിലേക്കുള്ള വിമാനം 90 മിനിറ്റ് അധികം സമയമെടുത്താണ് ലക്ഷ്യസ്ഥാനത്തെത്തിയത്. പാക് വ്യോമപാത തുറന്നുകിട്ടിയതോടെ ഇനി ചെലവും ഇതിന് ആനുപാതികമായി കുറയും.