ദില്ലി: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വ്വീസുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മേയ് നാലിന് ആരംഭിക്കുമെന്നും അതിനുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു. തെരഞ്ഞെടുത്ത സര്‍വ്വീസുകള്‍ക്കുള്ള ബുക്കിംഗ് ആണ് ചെയ്യാനാകുക.

ജൂണ്‍ ഒന്ന് മുതലുള്ള രാജ്യാന്തര സര്‍വ്വീസുകള്‍ക്കും ബുക്ക് ചെയ്യാനാകും. ലോകമാകെ തുടരുന്ന ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ മൂലം മേയ് മൂന്ന് വരെയുള്ള ആഭ്യന്തര സര്‍വ്വീസുകളുടെയും മേയ് 31 വരെയുള്ള രാജ്യാന്തര സര്‍വ്വീസുകളെയും ബുക്കിംഗ് സ്വീകരിക്കുന്നതല്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സാഹചര്യങ്ങള്‍ കൃത്യമായി പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും ഉപഭോക്താക്കളെ എന്തെങ്കിലും മാറ്റമുണ്ടായാല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരിച്ചത് 43 പേരാണെന്നും, 991 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്രസർക്കാർ അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 14,378 ആയി ഉയർന്നു. ആകെ രാജ്യത്തെ മരണസംഖ്യ 488 ആണ്. രാജ്യത്തെ കൊവിഡ് ബാധ ഇപ്പോഴും നിയന്ത്രണ വിധേയം തന്നെയാണെന്ന് പറഞ്ഞ കേന്ദ്രസർക്കാർ മരണനിരക്ക് വെറും 3.35% മാത്രമാണെന്നും വ്യക്തമാക്കി. കൊവിഡിനെ നിയന്ത്രണവിധേയമാക്കിയ കാസർകോട് മാതൃകയെ കേന്ദ്രസർക്കാർ അഭിനന്ദിക്കുകയും ചെയ്തു.