ദില്ലി: ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മോഷണശ്രമത്തിനിടെ എയര്‍ ഇന്ത്യയിലെ സീനിയര്‍ പൈലറ്റ് പിടിയില്‍. ശനിയാഴ്ച സിഡ്‌നി വിമാനത്താവളത്തില്‍ വച്ചാണ് പൈലറ്റിനെ പിടികൂടിയത്. എയര്‍ ഇന്ത്യ റീജണല്‍ ഡയറക്ടറും മുതിര്‍ന്ന കമാന്‍ഡറുമായ രോഹിത് ഭാസിനാണ് മോഷണത്തിനിടെ പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. 

സിഡ്‌നിയില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ എ എല്‍ 310 വിമാനം പറത്താന്‍ ചുമതലപ്പെട്ട രോഹിത് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും പഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 

രോഹിത് പിടിയിലായതോടെ ഇയാളെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതായും സസ്‌പെന്‍ഡ് ചെയ്തതായും എയര്‍ ഇന്ത്യ അറിയിച്ചു. മാനേജ്‌മെന്റിന്റെ സമ്മതം കൂടാതെ എയര്‍ ഇന്ത്യ ഓഫീസില്‍ പ്രവേശിക്കുന്നതിനും ഇയാള്‍ക്ക് വിലക്കുണ്ട്. സംഭവം വിശദമായി അന്വേഷിക്കാന്‍ ഉത്തരവിറക്കി.