ചൈന ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർസുവിധ നിർബന്ധമാക്കിയ തീരുമാനമാണ് പിൻവലിച്ചത്. വിമാനത്താവളങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരുടെ പരിശോധന തുടരും
ദില്ലി:ചൈന ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർസുവിധ നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. അന്താരാഷ്ട്ര തലത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആയിരുന്നു എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. ഇനി വിദേശത്തുനിന്ന് എത്തുന്നവർക്ക് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സത്യവാങ്മൂലം സമർപ്പിക്കേണ്ടതില്ല. വിമാനത്താവളങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരുടെ പരിശോധന തുടരും.
ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ് എന്നിവടങ്ങളില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കിയിരുന്നു. രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്തായിരുന്നു എയര്‍ സുവിധ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
