ഒരു സ്വകാര്യ ചടങ്ങിൽ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും വിമാനത്തിൽ വച്ച് വീണ്ടും വിവാഹം ചെയ്യുകയായിരുന്നു...

ചെന്നൈ: തമിഴ്‌നാട്ടിൽ വിമാനത്തിൽ വച്ച് വിവാഹം നടന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. സംഭവത്തിൽ വിമനക്കമ്പനിയോട് ഡിജിസിഎ റിപ്പോർട്ട് തേടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ കേസെടുക്കുമെന്നും ഡിജിസിഎ അറിയിച്ചു. മെയ് 23നാണ് ആകാശത്തുവച്ച് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും വിവാഹിതരായത്. മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് വിവാനം ചാർട്ട് ചെയ്തായിരുന്നു വിവാഹം. 130 പേരാണ് വിമാനത്തിലെ വിവാഹത്തിൽ പങ്കെടുത്തത്.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി വിമാന കമ്പനി രംഗത്തെത്തി. മധുരയിലുള്ള ട്രാവൽ ഏജന്റ് ആണ് ചാർട്ടേഡ് വിമാനം ബുക്ക് ചെയ്തത്. ബുക്കിംഗ് നടത്തിയവരോട് കോവിഡ് മാനദണ്ഡങ്ങളെ കുറിച്ചു വ്യക്തമാക്കിയിരുന്നു എന്നും സ്പൈസ് ജെറ്റ് വിമാന കമ്പനി അറിയിച്ചു. ഒരു ആഘോഷത്തിനും അനുമതി നൽകിയിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. 

Read More: ഭൂമിയിൽ ലോക്ക്ഡൗൺ, ആകാശത്ത് വിവാഹം, ചടങ്ങിന് 130 പേർ, മധുരയിലെ ദമ്പതികൾ 'ബി​ഗ് ഡേ' ആഘോഷിച്ചതിങ്ങനെ

തമിഴ്നാട് സർക്കാർ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടികയും മെയ് 23 ന് മാത്രം നിയന്ത്രണത്തിൽ ഇളവ് നൽകുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ചടങ്ങിൽ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്നാട് സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തിൽ വച്ച് വീണ്ടും വിവാഹം ചെയ്യുകയായിരുന്നു. 

വിമാനത്തിൽ നിന്ന് താലി കെട്ടുന്നതും മുഴുവൻ പേരും എഴുന്നേറ്റ് നിന്ന് ചടങ്ങിൽ പങ്കെടുക്കുന്നതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ചടങ്ങിൽ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കൾ ആണെന്നും എല്ലാവരും ആ‍ർടിപിസിആ‍ർ ടെസ്റ്റ് നടത്തി നെ​ഗറ്റീവ് ആയതാണെന്നും ദമ്പതികൾ അവകാശപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona