ദില്ലി: ജെഎന്‍യു സംഘര്‍ഷത്തില്‍ ഇടതുവിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ പ്രതിയാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഐഷി ഘോഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരോട് നാളെ ഹാജരാകാനാണ് നിര്‍ദ്ദേശം. അക്രമി സംഘത്തിലെ ഭൂരിഭാഗം പേരും ജെഎൻയുവിന് പുറത്തുള്ള  എബിവിപി പ്രവര്‍ത്തകരാണെന്ന വിവരം ഒരു ഇംഗ്ളീഷ് ചാനൽ പുറത്തുവിട്ടിരുന്നു. 

എന്നാൽ അക്രമി സംഘത്തെ തിരിച്ചറിഞ്ഞുവെന്ന് അറിയിച്ച് ഇന്നലെ പൊലീസ് പുറത്തുവിട്ട ഒന്‍പത് ചിത്രങ്ങളിലെ ഏഴുപേര്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയൻ പ്രതിനിധികളും രണ്ടുപേര്‍ ജെഎൻയുവിലെ തന്നെ എബിവിപി പ്രവര്‍ത്തകരുമായിരുന്നു. അക്രമം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന വാട്സപ്പ് സന്ദേശങ്ങളുടെ ഫോട്ടോകൾ പുറത്തുവന്നിരുന്നു. ഇതിലെ പലരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ടെങ്കിലും ആരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല 

കുറ്റക്കാരെ പിടികൂടാതെ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് ജെഎൻയു യൂണിൻ നേതാക്കളുടെ ആരോപണം. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ദില്ലി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച വിഡിയോ ദൃശ്യങ്ങൾ, വാർഡൻ, സെക്യൂരിറ്റി ജീവനക്കാർ, വിദ്യാർത്ഥികൾ  എന്നിവരുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ ആണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.