ജയ്‍പൂര്‍: കോണ്‍ഗ്രസ് രാജസ്ഥാന്‍റെ ചുമതലയിൽ നിന്ന് അവിനാശ് പാണ്ഡയെ മാറ്റി അജയ് മാക്കനെ നിയമിച്ചു. രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെയും നിയമിച്ചു. അഹമ്മദ് പട്ടേലാണ് സമിതി അദ്ധ്യക്ഷൻ. കെസി വേണുഗോപാൽ, അജയ് മാക്കൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. 

ഒരു മാസത്തെ രാഷ്ട്രീയ നാടകത്തിനൊടുവിലാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്‍ക്ക് പിന്നാലെ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. അശോക് ഗലോട്ടിന്‍റെ ശൈലി മാറ്റിയേ മതിയാകു, തന്‍റെ ഒപ്പമുള്ളവർക്ക് അർഹമായ സ്ഥാനങ്ങൾ നല്‍കണം, തനിക്കെതിരെ പോലീസിനെ ഉപയോഗിച്ചത് പാർട്ടി ഗൗരവമായി ചർച്ച ചെയ്യണം തുടങ്ങി നിരവധി ആവശ്യങ്ങളാണ് രാഹുലുമായുള്ള കൂടിക്കാഴ്‍ചയില്‍ സച്ചിന്‍ ഉന്നയിച്ചത്.

ഇതിന് പിന്നാലെയാണ് സച്ചിന്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായത്.