ദില്ലി: 72-ാമത് റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങുമ്പോള്‍ പണിയ വിഭാഗത്തില്‍ നിന്നുള്ള യുവമിഥുനങ്ങളായ അജിത്തും രമ്യയുമാണ് ഇക്കുറി കേരളത്തില്‍ നിന്നുള്ള അതിഥികള്‍. രാജ്യതലസ്ഥാനം ആദ്യമായി കാണുന്നതിന്‍റെ സന്തോഷത്തിലാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ ഈ ദമ്പതികള്‍ .  

അജിത്തിന്റെയും രമ്യയുടേയും വിവാഹം കഴിഞ്ഞിട്ട് അഞ്ചു മാസമാകുന്നതെയുള്ളു.  ആദ്യ ദൂരയാത്ര ദില്ലിക്കാണ്. അതും കേന്ദ്രസര്‍ക്കാരിന്‍റെ അതിഥികളായി. പണിയ വിഭാഗത്തില്‍ നിന്നുള്ള ദമ്പതികള്‍ക്കായിരുന്നു ഇക്കുറി അവസരം. അങ്ങനെ ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റല്‍ ജീവനക്കാരമനായ  അജിത്തിനും ഭാര്യക്കും ക്ഷണമെത്തി.

ഇരിട്ടിയിലെ വള്ളിയാട് സ്വദേശികളാണിവർ. അടുത്ത പത്ത് ദിവസം ദില്ലിയിലുണ്ടാകും. റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയാകുന്നതിനൊപ്പം  പാർലമെന്റ് മന്ദിരം, രാഷ്ട്രപതി ഭവൻ, തീൻമുർത്തി ഭവൻ തുടങ്ങി വിവിധ ഇടങ്ങൾ സന്ദർശിക്കാനും ഇവർക്ക് അവസരമൊരുക്കും. ലഭിച്ച അവസരത്തിന്റെ സന്തോഷവും ഇരുവരും മറച്ചുവയ്ക്കുന്നില്ല. 

ചുറ്റി നടക്കാനൊക്കെ ആഗ്രഹമുണ്ടെങ്കിലും കാല് കോച്ചുന്ന തണുപ്പാണെന്നും, സഹിക്കാൻ വയ്യെന്നും രമ്യ പറയുന്നു. ദില്ലിയിൽ റിപബ്ലിക് ദിന പരേഡിൻറെ അവസാന വട്ട  ഒരുക്കങ്ങൾ നടക്കുകയാണ്.  അവസാന ഘട്ട പരീശീലനം  ഇന്ന് നടന്നു.