മുംബൈ: അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം നേരിടുന്ന എന്‍സിപി നേതാവ് അജിത് പവാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതിന്‍റെ കാരണം അറിയില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ശരദ് പവാറിന്‍റെ മരുമകന്‍ കൂടിയായ അജിത് പവാറിനെതിരെ മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി കേസിലാണ് ഇഡി കേസ് എടുത്തത്. 

രാജിവെയ്ക്കുന്നത് സംബന്ധിച്ച് ആരോടും ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്ത് കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത് എന്നതിനെക്കുറിച്ച് അറിയില്ലെന്നും പവാര്‍ വ്യക്തമാക്കി. 'അജിത്തിന്‍റെ മകനോട് ഇക്കാര്യം സംസാരിച്ചിരുന്നു. എന്നെ ഈ കേസിലേക്ക് വലിച്ചിഴച്ചത് അജിതിനെ വളരെ വിഷമിച്ചിരുന്നതായും മകന്‍ പറഞ്ഞുവെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.  

മഹാരാഷ്ട്ര സഹകരണ ബാങ്ക്  അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം നേരിടുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, അജിത് പവാര്‍ എന്നിവരുള്‍പ്പെടുന്ന 76 പേര്‍. വായ്പ അനുവദിക്കുന്നതിൽ ക്രമവിരുദ്ധമായ ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം. 

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ എന്‍സിപി നേതാക്കള്‍ പ്രതിയാകുന്നത്. അതേസമയം എൻഫോഴ്സ്മെന്‍റ് ഓഫീസിൽ സ്വമേധയാ ഹാജരാകുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. ഓഫീസിലെത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും പിന്മാറണമെന്നുമുള്ള പൊലീസിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് ശരത് പവാറിന്‍റെ തീരുമാനം