Asianet News MalayalamAsianet News Malayalam

അടിതെറ്റി ബിജെപി: ഫഡ്നാവിസും അജിത്ത് പവാറും രാജിവച്ചു, 'പവര്‍' തെളിയിച്ച് ശരത് പവാര്‍

മഹാനാടകത്തില്‍ വഴിത്തിരിവ് - ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് അജിത്ത് പവാര്‍.  ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കി എന്‍ഡിഎ നേതാവ് അതുല്‍വാലെ. ദേവേന്ദ്ര ഫഡ്നാവിസും രാജിവച്ചു

ajith pawar resigned deputy cm post
Author
Mumbai, First Published Nov 26, 2019, 2:40 PM IST

മുംബൈ: മഹാനാടകത്തില്‍ വമ്പന്‍ വഴിത്തിരിവ്. ശനിയാഴ്ച രാവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത്ത് പവാറും സ്ഥാനം രാജിവച്ചു.  സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഓഫീസിലെത്തി ചുമതലയേറ്റെടുക്കാതെയാണ് അജിത്ത് പവാര്‍ രാജിവച്ചത്. നാളെ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇരുവരുടേയും രാജി. അധികാരമേറ്റ് 80 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രാജിവച്ച സംഭവം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലും അപൂര്‍വ്വസംഭവമായി മാറി. 

അജിത്ത് പവാര്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുടെ കൂടിക്കാഴ്ച കഴിഞ്ഞതിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളെ കണ്ട് രാജി പ്രഖ്യാപിച്ചത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ആര്‍പിഐയുടെനേതാവുമായ രാംദാസ് അതുലെയും വ്യക്തമാക്കിയിരുന്നു. അജിത്ത് പവാര്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാജിവച്ചത് പിന്നാലെ മൂന്നരയ്ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളെ കാണും എന്ന അറിയിപ്പ് വന്നു.  

പാര്‍ട്ടി പിളര്‍ത്തി ഉപമുഖ്യമന്ത്രിയാകാന്‍ പോയ അജിത്ത് സ്ഥാനം രാജിവച്ചത് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനും അധികാരത്തില്‍ തുടരാനുള്ള ബിജെപിയുടെ മോഹം വിടരും മുന്‍പേ കൊഴിഞ്ഞത് അവരുടെ മുന്‍ സഖ്യകക്ഷിയായ ശിവസേനയ്ക്കും കോണ്‍ഗ്രസിനും രാഷ്ട്രീയവിജയമായി.

കടുത്ത സമ്മര്‍ദ്ദം ചെലുത്തി സകല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും അജിത്ത് പവാര്‍ അടക്കം വെറും മൂന്ന് എംഎല്‍എമാരെയാണ് എന്‍സിപിയില്‍ നിന്നും ബിജെപിക്ക് ചാടിക്കാന്‍ സാധിച്ചത്. ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാരെ ചോര്‍ത്താനും ഇക്കുറി ബിജെപിക്ക് സാധിച്ചില്ല. 

ഇന്നലെ ഹയാത്ത് ഹോട്ടലില്‍ 162 എംഎല്‍എമാരെ അണിനിര്‍ത്തി ത്രികക്ഷി സംഖ്യം നടത്തിയ ശക്തിപ്രഖ്യാപനത്തോടെ തന്നെ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്‍റെ വിധിയെന്തെന്ന് വ്യക്തമായിരുന്നു. ചൊവ്വാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ ഉത്തരവും ബിജെപിക്കും അജിത്ത് പവാറിനും കനത്ത പ്രഹരമായി മാറി.

അജിത്ത് പവാറിനൊപ്പം പോയ പല എംഎല്‍എമാരേയും ശനിയാഴ്ച മുതല്‍ തന്നെ ശരത് പവാര്‍ തിരിച്ചു കൊണ്ടു വന്നിരുന്നു. മുംബൈ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒളിച്ചിരിക്കുകയും ചെയ്ത ചില എന്‍സിപി എംഎല്‍എമാരെ ശിവസേന നേതാക്കള്‍ പൊക്കി ശരത് പവാര്‍ ക്യാംപിലേക്ക് എത്തിക്കുകയും ചെയ്തു. 

കഴിഞ്ഞ രണ്ട് ദിവസമായി അജിത്ത് പവാറിന്‍റെ സഹോദരങ്ങളെ മധ്യസ്ഥരാക്കി ശരത് പവാറും സുപ്രിയ സുലെയും ചില അനുനയനീക്കങ്ങള്‍ നടത്തിയിരുന്നതായാണ് സൂചന. അജിത്തിനോട് സ്ഥാനം രാജിവച്ച് പാര്‍‍ട്ടിയിലേക്കും കുടുംബത്തിലേക്കും മടങ്ങി വരാന്‍ ആവശ്യപ്പെട്ട ശരത് പവാര്‍ ത്രികക്ഷി സര്‍ക്കാരില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

7000 കോടി രൂപയുടെ വിഭര്‍ഭ ജലസേചന പദ്ധതി കുംഭക്കോണകേസില്‍ കഴിഞ്ഞ ദിവസം അജിത്ത് പവാറിനെ കുറ്റവിമുക്തനാക്കി എന്‍ഫോഴ്സമെന്‍റ് ഡയറക്ടേറ്റ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. അജിത്ത് പവാര്‍ ബിജെപി ക്യാംപിലെത്തി മൂന്നാം ദിവസമായിരുന്നു ഈ നടപടി. 

 

 

Follow Us:
Download App:
  • android
  • ios